സ്വന്തം ലേഖകൻ
തൃശൂർ: കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളിലെ ഒന്ന് അടുത്ത മാസം ഗതാഗതത്തിനായി തുറക്കുന്പോൾ വിജയം നിയമപോരാട്ടത്തിന്റേതുകൂടിയാണ്. കുതിരാനിലെ ഒരു തുരങ്കം കഴിഞ്ഞ വർഷം ഡിസംബർ 31 നു തുറക്കുമെന്നു കരാർ കന്പനി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
തുറക്കാനായില്ല. പിന്നീട്, ഇക്കഴിഞ്ഞ മാർച്ച് 31 നകം തുറക്കുമെന്ന് കരാർ കന്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി. പണി പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കഴിഞ്ഞ വർഷാരംഭത്തിൽ ഫയൽ ചെയ്ത ഹർജിയിലാണ് തുറക്കൽ വാഗ്ദാനങ്ങൾ ഉണ്ടായത്. തുടരെത്തുടരെ ഹൈക്കോടതിയിൽ എത്തിയ ഹർജികളുടെ സമ്മർദംകൊണ്ടുകൂടിയാണ് തുരങ്കം അടുത്ത മാസം തുറക്കാനുള്ള നടപടികളിലേക്കു പുരോഗമിക്കുന്നത്.
ഏതാനും മാസം മുന്പ് മന്ത്രി കെ. രാജനും സമാനമായ കേസ് ഫയൽ ചെയ്തു. ഷാജി കോടങ്കണ്ടത്തിന്റെ നേരത്തെയുള്ള കേസിനൊപ്പമാണു ഈ കേസും ഹൈക്കോടതി പരിഗണിക്കുന്നത്.കേസ് ഈ മാസം അവസാനത്തോടെ വീണ്ടും പരിഗണിക്കുന്നുണ്ട്.
തുരങ്കം തുറക്കാൻ ഇനി എന്താണു തടസമെന്നു ബോധിപ്പിക്കണെന്നു കോടതി കരാറുകാരോടും ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം തുരങ്കം തുറക്കാനുള്ള നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രി സന്ദർശനവും ഇന്നുച്ചയ്ക്കുള്ള ട്രയൽ റണ്ണും.
മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വർഷം മുന്പ് ആരംഭിച്ചതാണ് ഷാജി ജെ. കോടങ്കണ്ടത്തിന്റെ നിയമപോരാട്ടം. റോഡുപണിക്കു സുപക്ഷാ ക്രമീകരണങ്ങൾ പാലിക്കണമെന്ന കോടതി ഉത്തരവു നടപ്പാക്കാത്തതിനു കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചതാണ്.
ഈ കേസിന്റെ തുടർച്ചയായാണ് കുതിരാൻ തുരങ്കത്തിന്റെ പണി അതിവേഗം പൂർത്തിയാക്കി ഗതാഗത്തിനു തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫയൽ ചെയ്ത ഹർജി. സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ വനംഭൂമി വിട്ടുകിട്ടാനും അഗ്നിശമന സേനയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാത്തതുമാണ് കുതിരാൻ തുരങ്കം തുറക്കാൻ വൈകുന്നതിനു കാരണമെന്ന് കരാറുകാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
രണ്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ആരോപിച്ചും നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും സമർപ്പിക്കപ്പെട്ടു.ഹൈക്കോടതിക്കു പുറമേ, മനുഷ്യാവകാശ കമ്മീഷനിൽനിന്നും അനുകൂല ഉത്തരവുകൾ സന്പാദിച്ചിരുന്നു. അഡ്വ. ഷാജിയുടെ ഹർജി പരിഗണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കുതിരാൻ തുരങ്ക പ്രദേശം സന്ദർശിക്കുകയും ചെയ്തതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിക്കും ഷാജി കോടങ്കണ്ടത്ത് കത്തച്ചും സമ്മർദം ചെലുത്തി. ടി.എൻ. പ്രതാപൻ എംപി പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയുംചെയ്തു. ചർച്ചയിൽ രമ്യ ഹരിദാസ് എംപിയും ഷാജി കോടങ്കണ്ടത്തും പങ്കെടുത്തിരുന്നു.
പവർഗ്രിഡിന്റെ കേബിളിടാൻ റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കത്തേയും അഡ്വ. ഷാജി നിയമനടപടികളിലൂടെ തിരുത്തിച്ചു. റോഡ് പൊളിക്കാതെ മാർജിനിലൂടെ കേബിൾ സ്ഥാപിച്ചാണ് പവർ ഗ്രിഡ് കേബിൾ സ്ഥാപിച്ചത്.