പട്ടിക്കാട്: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നു കെഎംസി പിആർഒ അജിത്പ്രസാദ് പറഞ്ഞു.
രണ്ടാംതുരങ്കത്തിലെ റോഡിന്റെ പണികൾ തൊണ്ണൂറ് ശതമാനവും കഴിഞ്ഞു. ഒന്നാം തുരങ്കത്തിലേതുപോലെ കോണ്‍ക്രീറ്റ് റോഡുകളാണ് രണ്ടാം തുരങ്കത്തിലും.
തുരങ്കത്തിന് മുകൾ ഭാഗത്തായി ഗ്യാന്ററി കോണ്‍ക്രീറ്റിംഗ് വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അന്‍പതു മീറ്ററോളം കോണ്‍ക്രീറ്റിംഗ് മാത്രമേ ഇനി പൂർത്തിയാകാനുള്ളു.
ഇലക്ട്രിക്കൽ വർക്കുകളും നടക്കുന്നുണ്ട്. ഇവയെല്ലാം പൂർത്തിയായതിനു ശേഷം മാത്രമേ ഫയർ ആൻഡ് റസ്ക്യൂ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ ആരംഭിക്കൂ എന്നും അജിത് പറഞ്ഞു.
രണ്ടാം തുരങ്കത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്.
ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത ഉടൻ പൊളിച്ചു നീക്കി ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും.
കഴിഞ്ഞദിവസം കമ്മീഷണർ ആർ. ആദിത്യ കുതിരാനിൽ സന്ദർശനം നടത്തുകയും ഇവിടെ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് കരാർ കന്പനിക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.