വടക്കഞ്ചേരി: എത്ര മനോഹരമായ സൂചനാബോർഡുകൾ. പാലക്കാടുഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നേരെ കുതിരാൻ തുരങ്കപാത കടന്നും കുതിരാൻ ക്ഷേത്രത്തിലേക്ക് പോകേണ്ടവർ വലത്തോട്ടു തിരിഞ്ഞ് ഇരുന്പുപാലം വഴി പോകണമെന്നുമുള്ള സൂചനാ ബോർഡാണ് കുതിരാൻ കൊന്പഴയിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ വഴിയിലൂടെ ആദ്യമായി വരുന്ന യാത്രക്കാർ ബോർഡ് കാണുന്പോൾ കേരളത്തിന്റെ വികസനത്തെക്കുറിച്ചും നിസാര കാര്യങ്ങളിൽപോലും ഭരണകൂടങ്ങൾ കാണിക്കുന്ന സൂക്ഷ്മതയെക്കുറിച്ചും വാചാലരാകും. എന്നാൽ ഏതാനും മീറ്റർ മുന്നോട്ടുനീങ്ങുന്പോഴാണ് സൂചനാബോർഡും യാത്രചെയ്യേണ്ട വഴിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കുക.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം ഏറ്റെടുത്ത കെഎംസി കരാർ കന്പനി റോഡുപണികളുടെ അവസാനം ചെയ്യേണ്ട പണികളാണ് ആദ്യം ചെയ്ത് വച്ചത്. സിഗ്നൽ ബോർഡുകളും സൂചനാ ബോർഡുകളും റോഡിൽ നിറയെ വെള്ളവരയും വരച്ചാൽ റോഡുപണി കഴിഞ്ഞുവെന്നാണ് കരാർ കന്പനിയുടെ നിലപാട്.
എല്ലാവരെയും സ്വാധീനിച്ച് പന്നിയങ്കരയിൽ ടോൾ പിരിക്കാനുള്ള വെപ്രാളത്തിലായിരുന്നു ഈ കാട്ടിക്കൂട്ടലുകൾ. എന്നാൽ റോഡ് ടാർ ചെയ്ത് ഉണങ്ങുംമുന്പേ റോഡിൽ കുഴികളും കൾവർട്ടുകൾ തകരുകയും ചെയ്തതോടെ കണക്കുക്കൂട്ടലുകൾ പാളി.റോഡിലെ കുഴി അടയ്ക്കുന്നതിനൊപ്പം വെള്ളവര ഇടുന്നതിനായിരുന്നു കരാർകന്പനി തിടുക്കം കാട്ടിയിരുന്നത്. വെള്ളവരയിടുന്നതിൽ കരാർകന്പനിക്ക് ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരിഹാസം.
ഏതുസമയവും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന കുതിരാൻ ക്ഷേത്രം വഴിയിൽ പലഭാഗത്തും ഗോ സ്ലോ എന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അപകടമേഖല, അപകടവളവ്, ഓവർടേക്കിംഗ് പാടില്ല തുടങ്ങി നല്ലനിലവാരമുള്ള റോഡിൽ സ്ഥാപിക്കേണ്ടതായ ബോർഡുകളെല്ലാം കുതിരാൻ ഭാഗത്തുണ്ട്. ഇതെല്ലാം റെഡിയാണെങ്കിലും അടിസ്ഥാനമായി വേണ്ട നല്ല റോഡുമാത്രം ഇവിടെയില്ല. കുരുക്കിൽപെട്ട വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മണിക്കൂറുകളോളം കാഴ്ചകൾ കണ്ട് കളിയാക്കി ചിരിക്കുകയും അസഭ്യവർഷം ചൊരിയുകയുമാണ് ചെയ്യുന്നത്.