സ്വന്തം ലേഖകൻ
തൃശൂർ: തകർന്നുതരിപ്പണമായ തൃശൂർ-പാലക്കാട് ദേശീയപാത കുതിരാനെക്കുറിച്ച് വാർത്തകളും ചിത്രങ്ങളും അനവധി വന്നിട്ട് ഗുണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ കുതിരാനെക്കുറിച്ചൊരു കവിത സോഷ്യൽ മീഡിയയിൽ പടരുന്നു.
കഴിഞ്ഞ വർഷം പുറത്തുവന്ന നാടൻപാട്ട് രൂപത്തിലുള്ള കവിത ഇപ്പോഴാണ് സോഷ്യൽമീഡിയിൽ വൈറലായത്.
പണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ
കുതിരാനിൽ റോഡുണ്ടാർന്നേ
കുഴിനിറയെ ടാറുണ്ടാർന്നേ
ടാറിനു മേലെ വഴിയുണ്ടാർന്നേ…..
എന്നാരംഭിക്കുന്ന നാടൻ പാട്ടു രൂപത്തിലെ കവിത ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.കുതിരാൻ വഴിയുള്ള യാത്രകളുടെ ദുരിതം അനുഭവിച്ചറിഞ്ഞ വാണിയന്പാറ സ്വദേശി അരുണ്‍കുമാറാണ് കുതിരാനിലെ പണ്ടത്തെയും ഇപ്പോഴത്തേയും അവസ്ഥകൾ കോർത്തിണക്കി നാടൻപാട്ടുരൂപത്തിൽ കവിതയെഴുതിയത്.
നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കുന്ന കതിരോൻ നാട്ടുകലാവേദിയിലെ ശിവരഘുരാജ് എന്ന ശിവരാജനാണ് കവിത ചൊല്ലിയിരിക്കുന്നത്. വാണിയന്പാറ സ്വദേശി തന്നെയാണ് ശിവരാജനും.
തൃശൂരിലെ രജപുത്ര നാടകസമിതിയുടെ പകിട എന്ന നാടകത്തിലെ തീം സോംഗിന്റെ ഈണത്തിലേക്കാണ് ഈ കവിത ചേർത്തുവെച്ചിരിക്കുന്നത്.താനടക്കമുള്ളവർ കുതിരാൻ വഴി താണ്ടുന്നതിലേറെ പാടുപെടാറുണ്ടെന്നും നാടൻപാട്ടുകളുടെ പരിപാടി അവതരിപ്പിക്കാൻ പോകുന്പോൾ പലപ്പോഴും ഗതാഗതകുരുക്കിൽ പെടാറുണ്ടെന്നും ശിവരാജൻ പറഞ്ഞു.
കഴിഞ്ഞവർഷം തയ്യാറാക്കിയ കവിത ഇപ്പോഴത്തെ അവസ്ഥയിൽ വീണ്ടും വാട്സാപ്പ് വഴിയും മറ്റും പ്രചരിപ്പിക്കാനുള്ള ഐഡിയ കവിതയെഴുതിയ അരുണ്‍കുമാർ തന്നെയാണ് മുന്നോട്ടുവെച്ചത്. ഗൾഫിൽ ജോലി ചെയ്യുകയാണെങ്കിലും നാ്ട്ടിൽ കുതിരാനിൽ നടക്കുന്ന സമരവും ഗതാഗതക്കുരുക്കുമെല്ലാം വാർത്തകളിലൂടെയും മറ്റും പതിവായി അറിയുന്നതുകൊണ്ട് അരുണ്‍കുമാർ വീണ്ടും കവിത പ്രചരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ യാത്രാദുരിതം ഏറിയതുകൊണ്ടു തന്നെ കവിതയുടെ പ്രചാരവും ഏറിയിട്ടുണ്ട്. കുതിരാനിൽ നടക്കുന്ന സമരവേദിയിൽ കേൾപ്പിക്കാനായി ഈ ഗാനം സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം അയച്ചുകൊടുത്തതായി ശിവരാജൻ പറഞ്ഞു.കുതിരാനിലെ ഗതാഗതക്കുരുക്കിന്റെ വിവിധ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് വാട്സാപ്പിൽ ഈ കവിത പടരുന്നത്.
പണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ
കുതിരാനിൽ റോഡുണ്ടാർന്നേ
കുഴിനിറയെ ടാറുണ്ടാർന്നേ
ടാറിനു മേലെ വഴിയുണ്ടാർന്നേ…..
അന്നവിടൊരു വഴിയുണ്ടാർന്നേ
കുഴിയില്ലാത്തൊരു വഴിയുണ്ടാർന്നേ
വഴിമാറ്റാൻ കന്പിനി വന്നേ
വരിവരിയായ് ടിപ്പറ് വന്നേ..
കുതിരാനിൽ ഇരുതുളയിട്ടേ
തുളനിറയെ വെടിപൊട്ടിച്ചേ
നിരനിരയായ് കുഴികൾ വന്നേ
കുഴിനിറയെ ചോര നിറഞ്ഞേ
ആ നാട്ടിൽ ജനമുണ്ടാർന്നു
പലനാട്ടിൽ പണിയുണ്ടാർന്നു
പണിനേടാൻ ബസുകളുണ്ടേ
ഇന്നവിടെ പട്ടിണിയാണേ
ഇന്നവിടെ തോടുകളാണേ
റോഡതു മാറി തോടുകളായേ
റോഡിനു വേണ്ടി ടോളുകളുണ്ടേ
നിരയിൽ തളരും രോഗികളുണ്ടേ..
ആ വഴി പോകും വഴിയാത്രക്കാർ
തെറിപറയും വാക്കുകളെല്ലാം
അധികാരികൾ കണ്ണുതുറക്കാൻ
വഴിനിറയെ സമരങ്ങളുണ്ടേ
കതിരണിയാൻ കനവുകളുണ്ടേ
കരളുരുകും വേദനയുണ്ടേ
ഈ നാടിൻ കണ്ണീരൊപ്പാൻ അധികാരികളെ കണ്ണുതുറക്കൂ…
പണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ
കുതിരാനിൽ റോഡുണ്ടാർന്നേ
അന്നവിടൊരു വഴിയുണ്ടാർന്നേ
കുഴിയില്ലാത്തൊരു വഴിയുണ്ടാർന്നേ
ഇന്നവിടെ തോടുകളാണേ
റോഡതു മാറി തോടുകളായേ
റോഡിനു വേണ്ടി ടോളുകളുണ്ടേ
നിരയിൽ തളരും രോഗികളുണ്ടേ..