തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ദിനേശനെ കോടതി നിർദേശാനുസരണം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ വച്ച് ഇന്നലെ വൈകുന്നേരം 6.45 ഓടെ വിഷു-ലോകസഭാ തെരഞ്ഞെടുപ്പ് പട്രോളിഗ് കഴിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോകുകയായിരുന്ന പോലീസ് വാഹനത്തിനുനേരേ ദിനേശൻ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന്, അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
2018 മാര്‍ച്ചിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്കുനേരേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ദിനേശൻ. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് വ്യക്തമായതോടെയാണ് കോടതി മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചത്. ഇയാളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.