വൈപ്പിൻ: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികളിൽ രണ്ട് പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഞാറക്കൽ പെരുന്പിള്ളി മണ്ടപത്തിൽ ജിബിൻ-23, നാലാം പ്രതി ഞാറക്കൽ കിഴക്കേ അപ്പങ്ങാട് അഞ്ചലശേരി ഹൃദയ്-20 എന്നിവരാണ് അറസ്റ്റിലായത്. ഒന്നും മൂന്നും പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
13ന് രാത്രി എളങ്കുന്നപ്പുഴ നാറാണത്ത് ക്ഷേത്രത്തിനടുത്തുവച്ചാണ് സംഭവം. എളങ്കുന്നപ്പുഴ കോന്നോത്ത് വീട്ടിൽ ബിനോയ് ജോസഫി-36നാണ് കുത്തേറ്റത്. ഒന്നാം പ്രതി മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത് കത്തിയെടുത്ത് ആക്രമിക്കുന്നതിനിടയിൽ നെറ്റിയിൽ കുത്തേൽക്കുകയായിരുന്നു.
വധശ്രമത്തിനു കേസെടുത്ത പോലീസ് രണ്ട് പ്രതികളെ ഞാറക്കൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ പ്രിൻസിപ്പൾ എസ്ഐ പി.കെ.മോഹിത്, എസ്ഐ സംഗീത് ജോബ്, എസ്സിപിഒ മനോജ്, സിപിഒ പ്രവീണ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു.