തൃശൂര്‍: കണ്ടെത്താന്‍ വനപാലകര്‍ ഏറെ ശ്രമിച്ചിട്ടും കഴിയാതെ പോയ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി അമ്മയാനയ്ക്കൊപ്പം കാടു ചുറ്റുന്നുവെന്ന് സഞ്ചാരികള്‍.
അതിരപ്പള്ളി തുമ്പൂര്‍മുഴി വനമേഖലയിലാണ് കുട്ടിയാനയും അമ്മയാനയും കറങ്ങിത്തിരിയുന്നതെന്നാണ് പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നത്.
പലരും ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും പറയുന്നത്.
കുറച്ചു ദിവസം മുന്‍പ് തുമ്പൂര്‍മുഴിയില്‍ ആനമല റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തില്‍ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാര്‍ കണ്ടിരുന്നു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ തുമ്പൂര്‍മുഴിക്ക് മുകളില്‍ വച്ചാണ് ചാലക്കുടി പുഴ മുറിച്ചു കടക്കുകയായിരുന്ന ആനക്കുട്ടിയും അമ്മയെയും സഞ്ചാരികള്‍ കണ്ടെത്തിയത്.
വനമേഖലയില്‍നിന്നു പുഴ മുറിച്ചു കടന്നു പ്ലാറ്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് പോകുകയായിരുന്നു അമ്മയും ആന കുട്ടിയും. നിരവധി വിനോദ സഞ്ചരികള്‍ക്ക് മുന്നിലൂടെയാണ് ഇവര്‍ കടന്നു പോയത്.
മാസങ്ങള്‍ക്കു മുന്‍പ് ഏഴാറ്റുമുഖം മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് ആദ്യമായി ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് അന്ന് കുട്ടത്തിലുണ്ടായിരുന്നത്.
മൃഗസ്നേഹികളുടെ പരാതിയെ തുടര്‍ന്ന് ആനക്കുട്ടിയെ കണ്ടെത്തി പരിശോധിക്കാന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചതായി പറഞ്ഞിരുന്നുവെങ്കിലും വനപാലകരുടെ സംഘം ദിവസങ്ങളോളം തെരച്ചില്‍ നടത്തി.
ആനക്കുട്ടിയെ കണ്ടെത്തിയില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇതിനിടെയാണ് തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി കാടുചുറ്റുന്നതായുള്ള പ്രചാരണം വീണ്ടുമുയര്‍ന്നിരിക്കുന്നത്.