തൃശൂർ: നാലുകുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കുറ്റൂർ ഗവ. എൽപി സ്കൂൾ നാട്ടുകാരുടെ ഇടപെടലിൽ 80 കുട്ടികളുമായി പഴയ പ്രതാപത്തിലേക്കു നീങ്ങുന്നതിനിടെ പ്രതിസന്ധിയായി അധ്യാപകരുടെ കൂട്ട സ്ഥലംമാറ്റം.
സ്കൂളിൽ ആകെയുള്ള നാല് അധ്യാപകരിൽ മൂന്നു പേരാണു സ്ഥലംമാറി പോകുന്നത്.കോലഴി പഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ കുറ്റൂർ ഗവ. എൽ പി സ്കൂൾ 1889 ലാണു സ്ഥാപിക്കപ്പെട്ടത്.
നാലു ക്ലാസും പ്രധാന അധ്യാപികയും ഉൾപ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്.എന്നാൽ അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിടുന്പോഴേക്കും മൂന്ന് അധ്യാപകർക്കു സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു.
സ്ഥലംമാറ്റം ആവശ്യപ്പെട്ട മൂന്നു പേർക്കും അനുവദിക്കുന്പോൾ പകരം അധ്യാപകരെ ഇതുവരെ ഇവിടേയ്ക്കു നിയമിച്ചിട്ടില്ല.പ്രധാനാധ്യാപികയ്ക്കു കോലഴി പഞ്ചായത്തിന്റെ ഇംപ്ലിമെന്റിംഗ് ഓഫീസറുടെ ചുമതല കൂടി വഹിക്കുകയും വേണം.
80 കുട്ടികളെ ഒരു അധ്യാപകനെ വച്ച് എങ്ങനെ ഹെഡ്മാസ്റ്റർ പഠിപ്പിക്കുമെന്നാണു രക്ഷാകർത്താക്കളുടെ ചോദ്യം. വിഷയത്തിൽ രക്ഷകർത്താക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സ്കൂളിന്റെ സാഹചര്യവും നിലവിലെ അധ്യാപകരുടെ എണ്ണവും നോക്കാതെ എന്തടിസ്ഥാനത്തിലാണ് കൂട്ടസ്ഥലംമാറ്റം നൽകിയതെന്നാണു ചോദ്യം.
കൂട്ട സ്ഥലംമാറ്റവും പകരം നിയമനവും ഇല്ലെന്നറിഞ്ഞു പലരും ടിസിക്കും ശ്രമിക്കുന്നു. സ്ഥലംമാറ്റത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപവുമുണ്ട്.
സർക്കാർ വിദ്യാലയത്തെ തകർക്കാനുള്ള നീക്കമാണു പിന്നിലെന്നാണ് ആരോപണം.സ്ഥലംമാറ്റ ഉത്തരവ് സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെയുള്ളവർക്ക് പിടിഎയും നാട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
കുട്ടികളില്ലാതെ പൂട്ടലിന്റെ വക്കിലെത്തിയ കുറ്റൂർ ഗവ. എൽപി സ്കൂളിന് വീണ്ടെടുപ്പിൽ പ്രീപ്രൈമറി വിഭാഗമാണ് പ്രധാന ഘടകമായത്.
സർക്കാർ മാനദണ്ഡപ്രകാരം ടീച്ചർക്കും ആയയ്ക്കും ഓണറേറിയം അനുവദിക്കാമെന്നുണ്ട്.
എന്നാൽ ഓരോരോ തടസം പറഞ്ഞ് ചില ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഇതു നൽകാ തിരിക്കുന്നതും വിനയാകുന്നു.