മങ്കൊമ്പ്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ മാര്‍ഗനിര്‍ദേശവുമായി പ്രദേശവാസികള്‍.
കൃഷിയില്ലാത്തപ്പോഴും പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കി നിര്‍ത്തണമെന്നാണ് ഇവർ ആവശ്യ പ്പെടുന്നത്.
ഈ രീതി നടപ്പാക്കിയാല്‍ മഴക്കാലത്തും ജനവാസ സ്ഥലങ്ങളിലേക്കു വെള്ളം കയറാതെ തടയാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണത്തെ ശക്തമായ മഴക്കാലത്തും ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജലനിരപ്പ് അപകടനിലയ്ക്കു മുകളിലായിട്ടും എംസിറോഡില്നിന്നും നീലംപേരൂര്‍ കാവാലം പ്രദേശങ്ങളിലേക്കുള്ള വാഹനഗതാഗതവും ജനജീവിതവും ഏറെക്കുറെ സാധാരണനിലയില്ത്തന്നെയാണ്.
പാടശേഖരബണ്ടുകളുടെ സംരക്ഷണവലയത്തിനു പുറത്തുള്ള, താഴ്ന്ന സ്ഥലങ്ങളിലുള്ള ചുരുക്കം ചില വീടുകളില്‍ മാത്രമാണു വെള്ളം കയറിയിട്ടുള്ളത്.
നീലംപേരൂര്‍, കാവാലം കൃഷിഭവന് പരിധിയിലുള്ള പാടശേഖരങ്ങളില്‍ പമ്പിംഗ് നടക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തെ ജനങ്ങളിപ്പോള്‍ വെള്ളക്കെട്ടുദുരിതങ്ങളില് നിന്നും മോചിതരായിരിക്കുന്നത്.
കൃഷിയില്ലാത്ത മഴക്കാലങ്ങളിലും ഇതേ മാതൃക പരീക്ഷിക്കാനാവും എന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടുമൂലമുള്ള ദുരിതങ്ങളും റോഡുകളുടെയും വാഹനങ്ങളുടെയും തകര്‍ച്ചയും ആരോഗ്യ- ശുചിത്വ പ്രശ്നങ്ങളും കരക്കൃഷിക്കും കാലിവളര്ത്തലിനുമൊക്കെയുണ്ടാകുന്ന തടസങ്ങളുമെല്ലാം ഇത്തരത്തിലുള്ള പമ്പിംഗിലൂടെ നിഷ്പ്രയാസം ഒഴിവാക്കാം.
ദുരിതനിവാരണം പാടശേഖരസമിതികളുടെ ഉത്തരവാദിത്വമല്ലെങ്കിലും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഈ മാര്‍ഗം ഉപകരിക്കും.
കൃഷിയില്ലാത്തപ്പോള്‍ ദുരിതനിവാരണത്തിനായുള്ള പമ്പിംഗ് സര്‍ക്കാര്‍ പദ്ധതിയായി നടപ്പാക്കണം. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നേതൃത്വം നല്‍കണമെന്നും കര്‍ഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.