ചെറുതോണി: സുഹൃത്തിന്റെ വീടെന്നുകരുതി വീടുമാറി കയറിയ യുവാവിനെ നാട്ടുകാർ ഓടിച്ചു. രക്ഷപെടാൻ തെങ്ങിൽകയറിയ യുവാവ് മൂന്നരമണിക്കൂറോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. രാജാക്കാട് കുഞ്ചിത്തണ്ണി പന്നാരക്കുന്നേൽ കുട്ടായി (40) ആണ് തെങ്ങിൽകയറി രക്ഷപെടാൻ ശ്രമം നടത്തിയത്.
ഒന്പതുവർഷം മുൻപ് പഴയരിക്കണ്ടത്ത് വന്നിട്ടുള്ള കുട്ടായി സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു. എന്നാൽ പഴയരിക്കണ്ടത്തിനുണ്ടായ വികസനം കുട്ടായിയുടെ വഴിതെറ്റിച്ചു. അതിക്രമിച്ച് വീട്ടിൽ കയറിയ കുട്ടായി കള്ളനാണെന്ന ധാരണയിൽ നാട്ടുകാർ വിരട്ടി ഓടിക്കുകയാണുണ്ടായത്.
തെങ്ങുകയറ്റക്കാരനായ ഇയാൾ രക്ഷപെടാൻ പഴയരിക്കണ്ടം എഫ്സി കോണ്‍വന്റ് പുരയിടത്തിലെ തെങ്ങിലാണ് അഭയം തേടിയത്. തെങ്ങിൽ ഒരാൾ കയറിയിരിക്കുന്നതായി ശ്രദ്ധയിൽപെട്ട മഠത്തിലെ സിസ്റ്റർമാർ കഞ്ഞിക്കുഴി പോലീസിൽ വിവരമറിയിച്ചു. എസ്ഐ ലോറൻസിന്റെ നേതൃത്വത്തിൽ പോലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇടുക്കിയിൽനിന്നും ഫയർഫോഴ്സ് എത്തി. എന്നാൽ 70 അടിയിലേറെ ഉയരമുള്ള തെങ്ങിൽ ഇവരുടെ കൈവശമുണ്ടായിരുന്ന ഗോവണി എത്തുമായിരുന്നില്ല.
ഇതെതുടർന്ന് പ്രദേശത്തെ തെങ്ങുകയറ്റക്കാരനായ കുറ്റിപ്പാലക്കൽ ജോണ്‍ മാത്യുവിനെ വരുത്തി. ജോണ്‍ തെങ്ങിൽ കയറി കുട്ടായിയെ കയറിനുകെട്ടി താഴെയിറക്കുകയായിരുന്നു. മൂന്നരമണിക്കൂറോളം തെങ്ങിൽ കഴിഞ്ഞ കുട്ടായി അവശനിലയിലായിരുന്നു. പോലീസ് വിവരമറിയിച്ചതിനെതുടർന്ന് ഇയാളുടെ സുഹൃത്ത് പഴയരികണ്ടം പാറപ്പുറത്ത് റെജി സ്റ്റേഷനിലെത്തി ഇയാളെ കൂട്ടികൊണ്ടുപോയി. കുട്ടായിയെ കാണാൻ ധാരാളംപേർ സ്ഥലത്തെത്തിയിരുന്നു.