സ്വന്തം ലേഖകന്‍
കോഴിക്കോട്: സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളില്‍ വിശദീകരണവുമായി സിപിഎം.
സിപിഎം സംഘടനാസംവിധാനം വളരെ ശക്തമായ കുറ്റ്യാടിയില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പാര്‍ട്ടി ശക്തമായി രംഗത്തെത്തി.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയതോടെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന കോഴിക്കോട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ പരസ്യമായി പാര്‍ട്ടിയെ അനുകൂലിച്ച് രംഗത്തെത്തി.
തന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രകടനം നടത്തുന്നവര്‍ പരസ്യമായി അച്ചടക്കം ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ് ഇതിനുകാരണം. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
2016ല്‍ നിസാര വോട്ടുകള്‍ക്ക് തോറ്റ കുറ്റ്യാടി സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന വികാരമാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി പ്രവര്‍ത്തകര്‍ ഇവിടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കേയാണ് ഇടിത്തീ പോലെ മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം വന്നത്.
സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും ഒടുവില്‍ അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വര്‍ഷങ്ങളായി സിപിഎം മത്സരിച്ചു പോരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്കാന് തീരുമാനിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
അതേസമയം കേരള കോണ്‍ഗ്രസിന് നൂറ് പ്രവര്‍ത്തകര്‍ പോലും മണ്ഡലത്തില്‍ ഇല്ലെന്നും സംഘടാസംവിധാനം തീര്‍ത്തും ദുര്‍ബലമാണെന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് വിഭാഗത്തിന് നല്കിയ അമിതപരിഗണനയുടെ ഫലമാണ് കുറ്റ്യാടിയിലെ സംഭവവികാസങ്ങളെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഭരണതുടര്‍ച്ചയ്ക്ക് വേണ്ടിയാണിതെന്ന വിശദീകരണമാണ് സിപിഎം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തിരുവമ്പാടി സീറ്റാണ് ജോസ് മാണി വിഭാഗത്തിന് നല്കാന് പാര്‍ട്ടി ആലോചിച്ചിരുന്നത്.
തിരുവമ്പാടി ഒഴിവാക്കി നീണ്ടകാലമായി സിപിഎം ജയിച്ചു പോന്നിരുന്ന സീറ്റ് വിട്ടു കൊടുത്തതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചില കളികളാണ് എന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കുണ്ട്.