ഭൂതക്കുഴിയിലെ അജ്ഞാതശക്തി! മീനപ്പള്ളിക്കായലിനു നടുവില്‍ വെള്ളം ഉയര്‍ന്നുപൊങ്ങുന്നതിനു പിന്നിലെന്ത്?, കുട്ടനാട്ടുകാര്‍ക്ക് പേടിക്കൊപ്പം കൗതുകവും!

kayal waterഎന്താണ് വെള്ളം ഉറവ പോലെ ഉയര്‍ന്നുപൊങ്ങുന്നതിനു പിന്നിലെ രഹസ്യം. കുട്ടനാട്ടുകാര്‍ ഒരുപോലെ ചോദിക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. പക്ഷേ ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഭയത്തിനൊപ്പം കൗതുകവും പെയ്തിറങ്ങുന്ന കുട്ടനാട്ടിലെ മീനപ്പള്ളിക്കായലിന്റെ മധ്യഭാഗത്ത് ഉറവ പോലെ വെള്ളം ഉയര്‍ന്നു മറിയുന്നതിന്റെ കാരണം ഇന്നും ദുരൂഹം. വെള്ളം കുമിളകളോടെ ഉയര്‍ന്നുപൊങ്ങിയതോടെ ഭൂതക്കുഴി എന്നാണ് നാട്ടുകാര്‍ ഈ ഭാഗത്തെ വിളിക്കുന്നത്.

മീനപ്പള്ളിക്കായലില്‍ നിര്‍മാണം നടക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനിലിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ഭൂതക്കുഴി. കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിനു സമീപം മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി കമ്പുകള്‍ നാട്ടിയിട്ടുള്ളതിനാല്‍ പ്രദേശം എളുപ്പത്തില്‍ കണ്ടെത്താനാകും. ഇവിടെ ഇങ്ങനെയൊരു കൗതുകമൊളിഞ്ഞിരിക്കുന്നതു പ്രദേശത്തിനു പുറത്ത് അധികമാരുമറിഞ്ഞിട്ടില്ല. ഇതുവഴി പോകുന്ന ഹൗസ് ബോട്ടുകളിലെ സഞ്ചാരികള്‍ അത്ഭുതത്തോടെ ബോട്ട് നിറുത്തി ഈ കാഴ്ച ആസ്വദിക്കാറുണ്ട്. ഇതിനു പിന്നിലുള്ള രഹസ്യമെന്താണ്  എന്നതിനെക്കുറിച്ചു കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഏറെ വര്‍ഷങ്ങളായി ഈ പ്രതിഭാസം ഇവിടെ ദൃശ്യമാണെന്നു പഴമക്കാര്‍ പറയുന്നു. കായലിന്റെ മധ്യഭാഗങ്ങളില്‍ 25 അടിയോളം ആഴമുണ്ട്.

നാട്ടുകാര്‍ ഭൂതക്കുഴിയെന്ന് വിളിക്കുന്ന ഈ ഭാഗത്തെ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ ഇപ്പോള്‍ സഞ്ചാരികളും ഇവിടെക്ക് ഒഴുകിയെത്തുന്നുണ്ട്. പലര്‍ക്കും ഇതൊരു രസകരമായ കാഴ്ച്ചയാണ്.  ഭൂതക്കുഴിയുടെ ഭാഗത്തെ വെള്ളം താരതമ്യേന ശുദ്ധജലമാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ശക്തമായ ശുദ്ധജല ഉറവയുള്ളതായി അവര്‍ വിശ്വസിക്കുന്നു. അതേസമയം ഭൂമിക്കടയില്‍ നിന്നുള്ള വാതകപ്രവാഹം മൂലമാണ് വെളഅളം പൊങ്ങുന്നതെന്നു കരുതുന്നവരുമുണ്ട്. ഭയത്തില്‍ പൊതിഞ്ഞ ചല വിശ്വാസങ്ങള്‍ കാരണം സൂക്ഷ്മമായി പരിശോധിക്കാന്‍ സമീപവാസികളും തുനിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ആഗ്രഹം നാട്ടുകാര്‍ക്കുണ്ട്. സംഭവം വാര്‍ത്തയായതോടെ നിരവധി ശാസ്ത്രകുതുകികളും ഇവിടേക്ക് വരുന്നുണ്ട്.

Related posts