മങ്കൊന്പ്: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർഥിയെ കേരള കോണ്‍ഗ്രസ് വർക്കിഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വം പ്രഖ്യാപിക്കുമെന്ന് ഡെപ്യൂട്ടി ചെയർമാനും എംഎൽഎയുമായ സി.എഫ്. തോമസ്. രാമങ്കരിയിൽ ചേർന്ന പാർട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിലെ ഇതുവരെയുള്ള കീഴ്വഴക്കമനുസരിച്ച് പാർട്ടി ചെയർമാനാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്.
2011 ലും, 2016 ലും ഉൾപ്പെടെ നിരവധി തെരഞ്ഞെടുപ്പുകളിലായി പി.ജെ. ജോസഫിനു നൽകിയിരുന്ന സീറ്റാണ് കുട്ടനാട്.
അന്ന് പി.ജെ. ജോസഫ് ആണ് കുട്ടനാട്ടിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. പാർട്ടി ചെയർമാനായിരുന്ന കെ.എം.മാണി പ്രഖ്യാപിച്ചു. 2011 ൽ കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെത്തുടർന്ന് ഡോ.കെസി. ജോസഫിനെ കുട്ടനാട്ടിൽ സ്ഥാനാർഥിയാക്കി. അദ്ദേഹം പാർട്ടി വിട്ടുപോയതിനെത്തുടർന്ന് 2016ൽ ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ഇതിന്റെ തുടർച്ച തന്നെ ഇത്തവണയും നടക്കും. ഇതു സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. ഇതിന്റെ പേരിൽ ആരും വഴക്കുണ്ടാക്കിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക ചർച്ചകളിൽ കുട്ടനാട്ടിലെ സീറ്റിൽ കേരളാ കോണ്‍ഗ്രസ്-എം സ്ഥാനാർഥി തന്നെ മൽസരിക്കണമെന്ന ആവശ്യത്തോട് ആരും വിയോജിപ്പു പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടുള്ള കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം, തോമസ്.എം.മാത്തുണ്ണി, വർഗീസ് എബ്രഹാം, എൻ.അജിത് രാജ്, പ്രകാശ് പനവേലി, സാബു തോട്ടുങ്കൽ, ബൈജു തായങ്കരി, ഷേർളി ജോർജ്, ബീനാ റസാക് തുടങ്ങിയവർ പ്രസംഗിച്ചു.