മങ്കൊന്പ്: ഉപതെരഞ്ഞെടുപ്പു വരാനിരിക്കെ കുട്ടനാട് സീറ്റിൽ സ്ഥാനാർഥി നിർണയ ചർച്ചകൾക്കു തുടക്കമായി. യുഡിഎഫ് സീറ്റിൽ കഴിഞ്ഞ തവണ മൽസരിച്ച കേരളാ കോണ്ഗ്രസ് എമ്മിലെ ജോസ് കെ.മാണി വിഭാഗമാണ് ചർച്ചകൾക്കു തുടക്കമിട്ടത്.പാർട്ടി നേതൃത്വം സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും പരിഗണനയിലിരിക്കുന്പോഴും സ്ഥാനാർഥി നിർണയക്കാര്യത്തിൽ പാർട്ടി മറ്റുള്ളവരെക്കാൾ ഒരു ചുവടു മുന്നിലെത്തി.
ചന്പക്കുളത്ത് ഇന്നലെ നടന്ന നേതൃയോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. കുട്ടനാട് സീറ്റ് കേരളാ കോണ്ഗ്രസ് എമ്മിന്റെ അക്കൗണ്ടിലുള്ളതാണെന്ന്് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.2011ൽ പുനലൂർ സീറ്റിൽ സ്ഥാനാർഥി നിർണയവും, പ്രചരണ പ്രവർത്തനങ്ങളും ആരംഭിച്ചശേഷമാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം കുട്ടനാട് സീറ്റ് ഏറ്റെടുത്തത്.
ഇതിനുശേഷം പാർട്ടിയിലേക്കു വന്നുചേർന്ന ജോസഫിന് മൽസരിക്കാൻ കൊടുക്കുക മാത്രമാണ് ചെയ്തത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുന്പായി യഥാർത്ഥ കേരളാ കോണ്ഗ്രസ് ഏതാണെന്നും, രണ്ടില ചിഹ്നം ആർക്കാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ തങ്ങൾക്കു യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിനെത്തിയ കേരള കോണ്ഗ്രസ് നേതാക്കൾക്ക് മേഖല തിരിച്ചുള്ള ചുമതലകളും, കുടുംബസംഗമം ഉൾപ്പെടെയുള്ളവ നടത്താനുള്ള നിർദേശവും നൽകിയതായി ജോസ്.കെ.മാണി എംപി പറഞ്ഞു. എന്നാൽ യോഗത്തിൽ കുട്ടനാട് സീറ്റിൽ മൽസരിക്കാൻ രണ്ടു പേരുകൾ ചർച്ച ചെയ്തതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.