എടത്വ: ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതോടെ കാലവര്‍ഷം ശക്തി പ്രാപിച്ചു. ആശങ്ക വിട്ടൊഴിയാതെ കുട്ടനാട്ടുകാര്‍.
കഴിഞ്ഞ ദിവസം മുതല്‍ ശക്തിയായ കാറ്റോട് കൂടി കനത്ത മഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. മഴ ഇങ്ങനെ തുടർന്നാൽ കുട്ടനാട് മേഖല വെള്ളത്തിലാകും.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടില്‍ വീണ്ടുമൊരു വെള്ളപ്പൊക്കം താങ്ങാന്‍ പൊതുജനങ്ങള്‍ക്ക് കഴിയില്ല.
കുട്ടനാട്ടിലെ നിരന്തര വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി താമസക്കാരാണ് ഓരോ വര്‍ഷവും ഇവിടെനിന്ന് പലായനം ചെയ്യുന്നത്.
മഴയും, കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിക്കുന്നതോടെ വെള്ളം ഉയരുന്ന കുട്ടനാട്ടില്‍ ജനജീവിതം തികച്ചും ദുരിതപൂര്‍ണമായി തീരാറുണ്ട്.
താമസ സ്ഥലം ഉപക്ഷിച്ച് രക്ഷപ്പെടുന്ന കുട്ടനാട്ടുകാര്‍ സാധാരണ ജീവിതത്തിലേക്ക് എത്തണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. വര്‍ഷാവര്‍ഷം വീടുകള്‍ക്ക് വേണ്ടിവരുന്ന അറ്റകുറ്റപ്പണികളുടെ ചിലവ് കുട്ടനാട്ടുകാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.
ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കനത്ത യാത്രാദുരിതമാണ് നേരിടേണ്ടി വരുന്നത്. വെള്ളം ഇറങ്ങുന്നതോടെ പ്രാദേശിക വഴികള്‍ ഇടിഞ്ഞ് താഴ്ന്ന് ഗതാഗത തടസം സൃഷ്ടിക്കും.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പഞ്ചായത്ത് റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
വെള്ളപ്പൊക്ക ദുരിതം ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന കുട്ടനാട്ടില്‍ ഓരോ സംസ്ഥാന ബജറ്റിലും നിരവധി പാക്കേജുകള്‍ അനുവദിക്കാറുണ്ടെങ്കിലും പദ്ധതികള്‍ മുളയിലേ പാളിപ്പോകുകയാണ് പതിവ്. കുട്ടനാട് പാക്കേജും, പിന്നീട് വന്ന പ്രളയ പദ്ധതിയും കുട്ടനാട്ടുകാര്‍ പ്ര
ത്യക്ഷത്തില്‍ ഗുണം ചെയ്തില്ല. വെള്ളപ്പൊക്കം കടുക്കുന്നതോടെ പദ്ധതി പ്രഖ്യാപനം മുറപോലെ നടക്കാറുണ്ട്.
2020-ലെ വെള്ളപ്പൊക്കത്തില്‍ അടിയന്തര സഹായം ലഭ്യമാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പൊതുപ്രവര്‍ത്തകനായ ജയ്സപ്പന്‍ മത്തായി ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി കുട്ടനാട്ടുകാര്‍ക്ക് അനുകൂലമായി വിധിച്ചിരുന്നു.
ദുരിതം അനുഭവിച്ച കുട്ടനാട്ടുകാര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ കണ്ണടച്ച മട്ടിലാണ്. അടിക്കടി വെള്ളപ്പൊക്ക ദുരിതം പേറുന്ന കുട്ടനാട്ടുകാര്‍ കൂട്ടപലായനം ചെയ്യാനുള്ള കാലം വിദൂരമല്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി നെല്ലറയുടെ നാടിനെ തീരാദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നു.