സ്വന്തം ലേഖകൻ
തിരുവനന്തപുരം: മഴയൊഴിഞ്ഞിട്ടും പ്രളയമടങ്ങിയിട്ടും ആശ്വാസത്തിന്റെ കര കാണാതെ ആയിരങ്ങൾ. രക്ഷാപ്രവർത്തകർക്ക് ഇനിയും പൂർണമായി കടന്നുചെല്ലാൻ കഴിയാത്ത ചെങ്ങന്നൂരിൽ നിന്നും ഏഴു പേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ആയിരങ്ങൾ ഇനിയും അവിടെ ഒറ്റപ്പെട്ടുകിടക്കുന്നതായുള്ള വിവരം നെഞ്ചിടിപ്പോടെയാണ് കേരളം നോക്കിക്കാണുന്നത്.
ഇന്നലെ മാത്രം 39 മരണംകൂടി സംസ്ഥാനത്തു റിപ്പോർട്ടു ചെയ്തു. ചാലക്കുടിയിലും ആലുവയിലും പ്രളയജലമിറങ്ങിത്തുടങ്ങിയപ്പോൾ കുട്ടനാട് വെള്ളത്തിലേക്ക് ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു.ചെങ്ങന്നൂരിൽ ഇനിയും രക്ഷാപ്രവർത്തകർക്കുകടന്നു ചെല്ലാൻ സാധിക്കാത്ത ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. സൈന്യവും ദുരന്തനിവാരണ സേനയുമുൾപ്പെടെ ഇവിടെ ശക്തമായ രക്ഷാപ്രവർത്തനം തുടങ്ങി.
സൈന്യവും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് അരലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും കുടിവെള്ളവും കിട്ടുന്നില്ലെന്ന പരാതികൾ വ്യാപകമാണ്.
കേരളചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് കുട്ടനാട് സാക്ഷ്യം വഹിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ കുട്ടനാട് ഒരിക്കൽകൂടി പ്രളയത്തിൽ മുങ്ങുകയാണ്. കഴിഞ്ഞ ദിവസം തന്നെ പതിനായിരക്കണക്കിനാളുകൾ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും മാറിയിരുന്നു.
ഇന്നലെ കുട്ടനാട്ടിൽ വൻതോതിൽ ഒഴിപ്പിക്കൽ നടന്നു. ഇവിടെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവരെ വരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ മുഴുവൻ ഒഴിപ്പിക്കാൻ ഇന്നലെയും സാധിച്ചില്ല. കുട്ടനാട്ടിൽനിന്നു വരുന്നവരെ പാർപ്പിക്കാൻ ആലപ്പുഴയിലും ചങ്ങനാശേരിയിലും ദുരിതാശ്വാസ ക്യാന്പുകൾ മതിയാകാത്ത നിലയാണ്. കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ പറഞ്ഞത്. ആലപ്പുഴയിൽ രണ്ടു ലക്ഷത്തോളം പേർ ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നു.
പത്തനംതിട്ടയിൽ അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ആറു മരണം ഇന്നലെ സ്ഥിരീകരിച്ചു. നാലു ഹെലികോപ്റ്ററിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കി. എന്നാൽ, ഉൾപ്രദേശങ്ങളിൽ ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇനിയും കഴിയുന്നില്ല. ജില്ലയിലെ ജനജീവിതംതന്നെ സ്തംഭിച്ചിരിക്കുകയാണ്. കടകളിൽ അവശ്യവസ്തുക്കളുടെ പോലും സ്റ്റോക്ക് തീർന്നു. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുന്നു. പെട്രോളും ഡീസലും കിട്ടാനില്ല. ദിവസങ്ങളായി വൈദ്യുതിയുമില്ല.
പെരിയാറിന്റെ തീരങ്ങളെ മുക്കിയ പ്രളയത്തിന് ശമനമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവയിലും വെള്ളമിറങ്ങിത്തുടങ്ങി. പക്ഷേ പറവൂർ മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ടിന് കുറവുണ്ടായിട്ടില്ല.
തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ വെള്ളം കയറി. ചാലക്കുടി മേഖലയിലെ ജലനിരപ്പ് താഴ്ന്നു. ചാലക്കുടി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇടുക്കിയിൽ മഴ വീണ്ടും ശക്തി പ്രാപിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്നലെ ജില്ലയിൽ ഇരുപതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ട്. നാലു പേർ മരണമടഞ്ഞു.പാലക്കാട് നെന്മാറയിലും മണ്ണാർക്കാടും ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. നെല്ലിയാന്പതിയും അട്ടപ്പാടിയും ഒറ്റപ്പെട്ട നിലയിലാണ്. മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു.
ചങ്ങനാശേരിയില് നാല്പതിനായിരത്തിലേറെപ്പേര് എത്തി
ചങ്ങനാശേരി: വെള്ളം ഇരന്പിക്കയറുന്നു. കുട്ടനാട് മുങ്ങിത്താഴുന്നു. ചങ്ങനാശേരിയിലേക്കു പലായനം ചെയ്തവരുടെ എണ്ണം നാല്പതിനായിരം കടന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. വൈദ്യുതി, ടെലിഫോണ് ബന്ധങ്ങൾ മുടങ്ങിയിട്ടു നാലു ദിനം പിന്നിട്ടു.
ഒാരോ മിനിറ്റിലും മുപ്പതോളം സ്വകാര്യ ബോട്ടുകളിലും നാല്പതിലേറെ വള്ളങ്ങളിലുമായാണ് കുട്ടനാടിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിക്കുന്നത്. ഓരോ മിനിറ്റിലും വള്ളങ്ങളിൽ ആളുകൾ ബോട്ടുജെട്ടിയിൽ എത്തുന്നുണ്ട്. കിടങ്ങറ, മാന്പുഴക്കരി, രാമങ്കരി, കാവാലം, വെളിയനാട് മേഖലകളിലുള്ള ആയിരക്കണക്കിനാളുകളാണ് ജലമാർഗം ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തുന്നത്.
രോഗികളെ ചുമലിലേന്തി
ശാരീരിക അവശതയുള്ള നിരവധി വയോജനങ്ങളെയും രോഗികളെയും കസേരകളിലിരുത്തി വെള്ളത്തിനു മീതേ ഉയർത്തിപ്പിടിച്ചു സന്നദ്ധസംഘടനാ പ്രവർത്തകർ കൊണ്ടുവരുന്നതു കുട്ടനാടിന്റെ ദൈന്യത വെളിവാക്കുന്നു. ബോട്ടുജെട്ടിയിലെത്തുന്പോൾത്തന്നെ അവശരായവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുണ്ട്. ചങ്ങനാശേരി താലൂക്കിലെ 80 ദുരിതാശ്വാസ ക്യാന്പുകളിലായി മുപ്പതിനായിരത്തോളം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.
രാത്രിയിലും ജനപ്രവാഹം
കിടങ്ങറ, രാമങ്കരി, മിത്രക്കരി, മുട്ടാർ, പുതുക്കരി, കിഴക്കേമിത്രക്കരി, പുളിങ്കുന്ന്, കായൽപ്പുറം, ചന്പക്കുളം ഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകളെ എസി റോഡുമാർഗം ടിപ്പർ ലോറിയിൽ പെരുന്നയിൽ കൊണ്ടിറക്കുന്നതു രാത്രി വൈകിയും തുടർന്നു.
കുട്ടനാട് ഒഴുകുന്നു, ചങ്ങനാശേരിയിലേക്ക്
കോട്ടയം: കായൽ കടലായി ഒഴുകുന്ന കുട്ടനാട്ടിൽനിന്നു ജീവനുമായി പലായനം തുടരുന്നു. നാൽപതിനായിരത്തിലേറെപ്പേർ ഇതിനകം ചങ്ങനാശേരിയിൽ എത്തിക്കഴിഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ദുരിതാശ്വാസ ക്യാന്പുകളിലുമായിട്ടാണ് ഇവർ അഭയം തേടിയിരിക്കുന്നത്.
ഇവരിൽ വയോധികരും കൈക്കുഞ്ഞുങ്ങളും ഗർഭിണികളും രോഗികളുമുണ്ട്. വെള്ളിയാഴ്ച മുതൽ എല്ലാം ഉപേക്ഷിച്ചു കൂട്ടത്തോടെ ജനങ്ങൾ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിത്തുടങ്ങിയിരുന്നു. കിടങ്ങറ, മാന്പുഴക്കരി, രാമങ്കരി, മുട്ടാർ, മിത്രക്കരി, വെളിയനാട് കോട്ടയം ജില്ലയുടെ ഭാഗമായ കോമംങ്കേരിചിറ, മുലേൽപുതുവേൽ, നക്രാൽ, പുതുവേൽ, എസി റോഡ്കോളനി, പൂവം നിവാസികളാണ് ചങ്ങനാശേരി അതിരൂപതയുടെയും സന്യാസ സമൂഹങ്ങളുടെയും മറ്റും സ്കൂളുകളിൽ അഭയം തേടിയിരിക്കുന്നത്.
അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ചാസ്, ഇതര സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച കണ്സ്ട്രക്ഷൻ കന്പനികളുടെ വലിയ ടിപ്പർ ലോറികളിലാണ് ആളുകൾ എത്തുന്നത്.
കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽനിന്നു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെട്ടെത്തിയവർ എസി റോഡിലെ ഉയർന്ന പാലങ്ങളിൽ തന്പടിക്കുകയായിരുന്നു. എസി റോഡ് പലേടത്തും മുങ്ങിക്കിടക്കുന്നതിനാൽ ഇവർ ബോട്ടിലാണു ചങ്ങനാശേരിയിലേക്കു നീങ്ങിക്കൊണ്ടിരുന്നത്.
ടിപ്പർ ലോറികൾ എത്തുന്നിടങ്ങളിൽ എത്തിയവർ അവയിലും കയറിപ്പറ്റി ചങ്ങനാശേരിയിലെത്തി. ബോട്ടുകളിലും വള്ളങ്ങളിലും എത്തുന്നവരെ ചങ്ങനാശേരി ബോട്ടു ജെട്ടിയിലും ലോറികളിൽ എത്തുന്നവരെ പെരുന്ന ജംഗ്ഷനിലുമാണ് എത്തിക്കുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും രോഗികളും എല്ലാവരും ലോറികളിലേക്കു രക്ഷതേടി ഇടിച്ചു കയറുന്ന കാഴ്ച കുട്ടനാട്ടിലെ ദാരുണാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു.