മങ്കൊമ്പ്: ബജറ്റിൽ പണം അനുവദിച്ചിട്ട് ഒരു പതിറ്റാണ്ടു കാലമാകാറായിട്ടും കാവാലം പാലത്തിന് ധനകാര്യ അനുമതി പോലും നേടിത്തരാൻ കഴിയാത്ത നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി എ.പി. നടേശന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പുതുതായി യാതൊന്നും തന്നെ ബജറ്റിൽ അനുവദിക്കാതെ സർക്കാരിന്റെ അവഗണന തുടരുകയാണ്.
നെല്ലുവില വർധിപ്പിക്കാനോ നെല്ലുസംഭരണം കാര്യക്ഷമമാക്കാനോ എംഎൽഎയ്ക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രഫ. എം.ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, കെ.പി. സുരേഷ്, സജി ജോസഫ്, കെ. ഗോപകുമാർ, സി.വി. രാജീവ്, ജോസഫ് ചേക്കോടൻ, റോഫിൻ ജേക്കബ്, അനിൽ തൈവിടൻ തുടങ്ങിയവർ പ്രസംഗിച്ചു.