എടത്വ: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളക്കെട്ടിലായി. നദീതീരത്തുള്ളവരുടെയും പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരുടെയും വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങി.
താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലായതോടെ ജനജീവിതം ദുഃസഹമായി തീര്‍ന്നു. മാമ്പുഴക്കരി, വെളിയനാട്, എടത്വ, തലവടി, ആനാരി, കരുവാറ്റ, ചെറുതന, നിരണം, കടപ്രാ, മുട്ടാര്‍, വീയപുരം, നീരേറ്റുപുറം, തകഴി, ആയാപറമ്പ്, കാരിച്ചാല്‍, പാണ്ടി, കളങ്ങര, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ എല്ലാം വെള്ളക്കെട്ടില്‍ മുങ്ങി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും വെള്ളത്തില്‍ മുങ്ങി.
എസി റോഡ് ഒഴികെ ഒട്ടുമിക്ക റോഡുകളും ഈ പ്രദേശത്ത് വെള്ളത്തിനടിയിലാണ്. മുട്ടാര്‍ പഞ്ചായത്തില്‍ മുട്ടാര്‍ പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. നീരേറ്റുപുറം, കിടങ്ങറ റോഡില്‍ നിരവധി സ്ഥലങ്ങളിലാണു വെള്ളം കയറിയിട്ടുള്ളത്. തലവടി പഞ്ചായത്ത് ഏഴാംവാര്‍ഡ് പ്രദേശത്താണു കൂടുതല്‍ വെള്ളം കയറിയത്.
ചക്കുളത്തുകാവ് റോഡില്‍ മുട്ടറ്റം വെള്ളം കയറി ക്ഷേത്രപരിസരം വെള്ളത്തിലായി. കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്ത് 20 ല്‍ പരം വീടുകളില്‍ വെള്ളം കയറി. എടത്വ പഞ്ചായത്ത് കൊടുപ്പുന്ന പഴുതി റോഡിലും വെള്ളം കയറി. പാലത്തിന്റെ തൂണുകളില്‍ മാലിന്യം തടഞ്ഞു നില്ക്കുന്നതാണു ജലഗതാഗതത്തിനു ഭീഷണിയായിട്ടുണ്ട്. തലവടി പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലാണ് ക്യാന്പ് ആരംഭിച്ചത്. 15 കുടുംബങ്ങളെയാണു മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്.
പമ്പാനദിയിലും അച്ചന്‍കോവിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്നു നദികളും കരകവിഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറിലൂടെ മികച്ച രീതിയില്‍ വെള്ളം കടലിലേക്ക് ഒഴുകുന്നത് ആശ്വാസം പകരുന്നുണ്ട്.
ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. രണ്ടാം കൃഷി ഇറക്കാത്ത പാടശേഖരങ്ങള്‍ക്ക് ഉള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണു കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. തുടരെ പെയ്യുന്ന കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടില്‍ വീണ്ടുമൊരു വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.