തൃശൂർ: കനത്ത മഴയെതുടർന്നുണ്ടായ പ്രളയജലം വറ്റിയാൽ പിന്നെ വരുന്നത് രോഗപ്രളയഭീഷണി. കേരളത്തിൽ ഇപ്പോൾ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെല്ലാം പകർച്ചപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ടെങ്കിലും രോഗബാധ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നു.
വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ കുട്ടനാട്ടിൽ കൈക്കൊള്ളേണ്ട നടപടികളാണ് ആരോഗ്യവകുപ്പും റവന്യൂ വകുപ്പും ഇതര വകുപ്പുകളും പ്രധാനമായും ഉറ്റുനോക്കുന്നത്. ഇപ്പോൾ കൊതുകിന്റെ ഉറവിടങ്ങളെല്ലാം ശക്തമായ മഴവെള്ളപ്പാച്ചിലിലും കനത്ത മഴയിലും നശിച്ചിട്ടുണ്ടെങ്കിലും വെള്ളം വറ്റുന്നതോടെ കൊതുക് പെരുകാൻ സാധ്യതയേറും.
മറ്റുജില്ലകളിൽ നിന്ന് വ്യത്യസ്തമായി അത്യന്തം ഭീതിദമായതും സവിശേഷ ഇടപെടൽ ആവശ്യമുള്ളതുമാണ് കുട്ടനാട്ടിലെ അവസ്ഥയെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തു പോലുള്ള പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഴ്ചകളായി വെള്ളത്തിനടിയിലായിരിക്കുന്ന കുട്ടനാടൻ പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത സ്ഥിതി പലയിടത്തുമുണ്ട്.
വിഷപ്പാന്പുകളുടെ സാന്നിധ്യം അപകടകരമാണെന്നതും മറ്റൊരു പ്രധാന ഭീഷണിയാണ്. യാത്ര ചെയ്യാനുള്ള സൗകര്യംപോലുമില്ലാത്ത കുട്ടനാടൻ ഗ്രാമങ്ങളെയും റോഡുകൾ തകർന്നും വിണ്ടും മണ്ണിടിഞ്ഞും നശിച്ച ഇടങ്ങളേയും ശരിയാക്കിയെടുക്കുകയെന്നത് മാസങ്ങൾ നീളുന്ന പ്രക്രിയയാണ്. കേരളത്തിന്റെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പഴയപോലെ സുഗമമാകണമെങ്കിലും സമയമമെടുക്കും.
പ്രളയജലം പിൻവാങ്ങിയാൽ ഉണ്ടാകാവുന്ന പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ, ഏറ്റെടുക്കേണ്ട ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയവ ആരോഗ്യവകുപ്പടക്കമുള്ള വകുപ്പുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രളയം കവർന്ന വീടുകളിൽ നിന്നും മാറിത്താമസിക്കേണ്ടി വന്നവർക്ക് പെട്ടന്നൊന്നും തിരിച്ചുവരവും പഴയ ജീവിതവും എളുപ്പമല്ലെങ്കിലും അവർക്കാവശ്യമായതെല്ലാം ഒരുക്കാൻ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണ്.
സമഗ്രമായ പ്രളയാനന്തര ശുചീകരണ പദ്ധതി ഇപ്പോൾത്തന്നെ തയാറാക്കി നടപ്പാക്കണമെന്ന ആവശ്യം എല്ലാ വകുപ്പുകളും ഒരുമിച്ചിരുന്ന്് ചെയ്യേണ്ടതാണ്. മഴവെള്ളം ശേഖരിച്ച് കുടിവെള്ളമാക്കി മാറ്റാനുള്ള പ്രക്രിയകളും നടപ്പാക്കണമെന്ന് നിർദ്ദേശങ്ങളുണ്ട്.
പ്രളയാനന്തര പകർച്ചവ്യാധികൾ തടയാൻ എല്ലാ കുടുംബക്ഷേമകേന്ദ്രങ്ങളിലും മുൻകരുതലുകളേർപ്പെടുത്തണം. വെള്ളം ഇറങ്ങിയ ഉടനെ ദുരിതാശ്വാസക്യാന്പുകളിലുള്ളവരെ വീടുകളിലേക്ക് തിരിച്ചയക്കരുതെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പ്രളയബാധിത പ്രദേശത്തുനിന്നു മാറ്റിപാർപ്പിച്ചവരെ വെള്ളം ഇറങ്ങിയ ഉടൻ വീടുകളിലേക്ക് തിരിച്ചയച്ചാൽ അത് രോഗങ്ങൾക്കു കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണം നടത്തി പരമാവധി രോഗാണുവിമുക്തമാക്കിയ ശേഷമേ പുനരധിവാസ ക്യാന്പുകളിൽനിന്ന് ആളുകളെ തിരിച്ചയക്കാവു എന്നതാണ് പകർച്ചവ്യാധികളെ തടയാനുള്ള പ്രധാന മാർഗം. കേരളത്തിലും പ്രളയം നാശനഷ്ടങ്ങൾ സൃഷ്ടിക്കുമെന്ന ബോധ്യപ്പെട്ട സാഹചര്യത്തിൽ ദീർഘകാല ആവശ്യം പരിഗണിച്ച് സർവസജ്ജമായ ഫ്ളഡ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ ശ്രമമാരംഭിക്കണം. ഒറീസയിലെ തീരപ്രദേശത്തെ സൈക്ലോണ് ഷെൽട്ടറുകൾ ഇതിന് മാതൃകയാക്കാവുന്നതാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.