ആലപ്പുഴ: ശമനമില്ലാതെ പെരുമഴ തുടരുന്പോൾ ജില്ല പ്രളയഭീതിയിൽ. സമീപത്തെ ഡാമുകൾ കൂടി തുറന്നതോടെ കുട്ടനാട് ഉൾപടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായി. പലയിടങ്ങളിലും കുടുംബങ്ങൾ വീടുവിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറിത്തുടങ്ങി. കോവിഡ് രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ മഴക്കെടുതി ജില്ലയെ ഏറെ അലട്ടുകയാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ജനം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇതിനോടകം തന്നെ ആയിരക്കണക്കിന് തീരദേശവാസികളാണ് ചെങ്ങന്നൂരിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്.
പന്പ, മണിമല, കക്കാട് ഡാമുകൾ തുറന്നതോടെ ചെങ്ങന്നൂർ നിവാസികൾ പ്രളയ ഭീതിയിലാണ്. ക്യാന്പുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും കോവിഡ് ഭീതിമൂലം ക്യാന്പുകളിലേക്ക് മാറാൻ പലരും സന്നദ്ധരാകുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ വിവിധ ഭാഗങ്ങളിൽ നിന്ന് തീരപ്രദേശങ്ങിൽ താമസിക്കുന്ന നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രാവിൻകൂട് മുതൽ ഇരമല്ലിക്കരഭാഗം വരെ റോഡിൽ മുട്ടോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇവിടെ ഭാഗികമായി ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. കക്കാട്, മണിമല ഡാമുകൾ തുറന്നുവിട്ടതോടെ മണിമലയാറ്റിൽ വെള്ളം ഉയർന്നു.
ഈ വെള്ളം വരട്ടാറ്റിലേക്ക് പ്രവേശിച്ചതാണ് തിരുവൻവണ്ടൂരിനെ മുക്കിയത്. ഇവിടുത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പാണ്ടനാട് പഞ്ചായത്തിലെ മുറിയായിക്കര ഭാഗത്ത് തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവുശക്തമായതോടെ അന്പലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
പുന്നപ്ര തെക്ക്,വടക്ക്, അന്പലപ്പുഴ തെക്ക്,വടക്ക്, പുറക്കാട്, തകഴി പഞ്ചായത്ത് പരിധിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. കാർഷിക മേഖല പ്രതിസന്ധിയിലായി. തോട്ടപ്പള്ളി പൊഴിമുഖം വീതികൂട്ടി മുറിച്ചെങ്കിലും സ്പിൽവേ കനാലിെൻറ ആഴംകൂട്ടൽ പൂർത്തിയാക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.