കുട്ടനാട്: ശമനമില്ലാതെ മഴ തുടരുന്നതിനാൽ ആറുകളില് ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടിലും അപ്പർകുട്ടനാടൻ മേഖലകളുമാണ് കൂടുതൽ ദുരിതം പേറുന്നത്. കുട്ടനാട്ടിൽ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പുയർന്നത്.
അപ്പർകുട്ടനാട്ടിലെ വീയപുരം പഞ്ചായത്ത് പരിധിയിൽ വരുന്ന മേൽപ്പാടം തുരുത്തേൽ, പായിപ്പാട്, വീയപുരം ഇരതോട്, ചെറുതനയിലെ പാണ്ടി, പോച്ച, പുത്തൻ തുരുത്ത്, ചെങ്ങാരപ്പള്ളിച്ചിറ, കാഞ്ഞിരംതുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങളാണ് വെള്ളത്തിലായത്.
വീടുകളിലേക്കുള്ള ചെറുവഴികൾ പൂർണമായും വെള്ളത്തിനടിയിലായി. വീയപുരം തുരുത്തേൽ കടവിലെ ഇരുപതോളം വീടുകൾക്കുള്ളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന അവസ്ഥയാണ്. വെള്ളം കയറിയിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ക്യാമ്പുകളിൽ നിന്നും തിരികെയെത്തിയിട്ട് ആഴ്ചകൾ പിന്നിടും മുന്പേ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയായി.
ചെറുതനയിലെ പോച്ച കാഞ്ഞിരം തുരുത്ത് റോഡ് വെള്ളത്തിൽ മുങ്ങി. വീയപുരം കോയിക്കൽ ജംഗ്ഷനിൽ നിന്നും കാഞ്ഞിരംതുരുത്തിലേക്കുള്ള റോഡ് പൂർണമായി തകർന്ന് കിടക്കുകയാണ്. പോച്ച പുത്തൻ തുരുത്ത് ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പാടശേഖരങ്ങളിലധികവും മുങ്ങി നിറഞ്ഞു കായലിനു സമാനമാണ്.
കന്നുകാലിത്തൊഴുത്തുകൾ വെള്ളത്തിലായതോടെ കന്നുകാലികളുടെ സംരക്ഷണവും ദുരിതത്തിലാണ്. തുടർച്ചയായുള്ള വെള്ളപ്പൊക്കം കാരണം കരകൃഷി പൂർണമായി തകർന്നടിഞ്ഞു. കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമാണ്. അച്ചൻകോവിൽ പമ്പ നദികൾ കലങ്ങിമറിഞ്ഞ് കുത്തിയൊഴുക്കുകയാണ്.
ചെളിയും മണലും നിറഞ്ഞ് നികരി രൂപപ്പെട്ടിരിക്കുന്നതിനാൽ മതിയായ അളവിൽ ജലത്തെ ഉൾക്കൊള്ളുന്നുമില്ല. ഇത് വെള്ളത്തിന്റെ പരന്നൊഴുക്കിനും കൃഷി നാശത്തിനും കാരണമാകുന്നു.
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറി. മേൽപ്പാടം, വള്ളക്കാലി, പാവുക്കര ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകൾ ഉൾപ്പെടുന്ന മേഖലയിലാണ് വീണ്ടും വെള്ളം കയറിയത്.