മങ്കൊമ്പ്: കുട്ടനാട് താഴുന്നുവെന്ന അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കി മുതലെടുപ്പു നടത്താന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുള്ളതിനാൽ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
ജനവാസകേന്ദ്രങ്ങളില്‍ വെള്ളക്കെട്ടു ദുരിതങ്ങള്‍ ദുസഹമാകുന്നതാണ് കുട്ടനാടു താഴുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയാക്കുന്നത്. അനാവശ്യ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും, മികച്ച പ്രാദേശിക ആസൂത്രണത്തിലൂടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിവേകപൂര്‍വം പദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ടായാല്‍ ദുരിതങ്ങളെയെല്ലാം മറികടക്കാനാകുമെന്നും കുട്ടനാട്ടുകാർ കരുതുന്നു.
ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തുക എന്നതാണു ഭൂമിതാഴുന്നതിനുള്ള പരിഹാരമെന്നാണ് ഇതെക്കുറിച്ചു പഠനം നടത്തിയ അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്.
ഓരോ പാടശേഖരപ്രദേശത്തെയും ഓരോ ക്ലസ്റ്ററായി പരിഗണിച്ചു ബണ്ടുകള്‍ ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം അനേകനാളുകളായി കുട്ടനാട്ടുകാര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്.
സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിലും ഇത്തരം ശിപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ പലതും അവഗണിക്കപ്പെട്ടതായാണ് നാട്ടുകാരുടെ പരാതി.
ശൃംഖലയായി കിടക്കുന്ന പാടശേഖരങ്ങള്‍ക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി ഉണ്ടോ എന്നതു പരിഗണിക്കാതെ, ലഭ്യമായ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചു പാടശേഖരങ്ങളിലെ ജലനിരപ്പു ക്രമീകരിച്ചുനിര്ത്തുന്നതിനുള്ള പദ്ധതികളുണ്ടായാല്‍, റോഡുകള്‍ മാത്രമല്ല താഴ്ന്ന പുരയിടങ്ങളും വീടുകളുമെല്ലാം വെള്ളക്കെട്ടില്‍നിന്നു രക്ഷപ്പെടും.
വര്‍ഷാവര്‍ഷം വെള്ളപ്പൊക്കവേളകളിലെല്ലാം ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ആവര്‍ത്തിക്കാറുണ്ടെങ്കിലും നടപടികളുണ്ടാകാറില്ല.
നെല്ക്കൃഷിയില്ലാത്തപ്പോഴത്തെ പമ്പിംഗിനു പദ്ധതികളില്ലെന്നു കൃഷിവകുപ്പും, ദുരിതനിവാരണം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നു പാടശേഖരസമിതികളും നിലാപാടെക്കുകയാണു പതിവ്.
നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന ഒഴുക്കന്മട്ടില് പറഞ്ഞു കൈമലര്ത്തുന്നതല്ലാതെ ജനപ്രതിനിധികളടക്കമുള്ള ഉത്തരവാദിത്വപ്പെട്ടവരും ഇക്കാര്യങ്ങളിലിടപെട്ടു വേണ്ടതൊന്നും ചെയ്യാറില്ലെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്.
മോട്ടോര്തറകളില് സ്ഥിരം വൈദ്യുതികണക്ഷന് നല്‍കുമെന്നും പരമ്പരാഗത പെട്ടിയും പറയ്ക്കും പകരം ആധുനിക പമ്പുസെറ്റുകള്‍ സ്ഥാപിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളും പലയിടങ്ങളിലും ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്.
സര്ക്കാര്ഏജന്സികളും ഗവേഷണകേന്ദ്രങ്ങളുമൊക്കെ കുട്ടനാട്ടില്‍ നിരവധിയുണ്ട്. കുറെപ്പേരെല്ലാം അതൊക്കെക്കൊണ്ടു ജീവിക്കുന്നുവെന്നല്ലാതെ, കുട്ടനാട്ടില്‍ കഴിയുന്നവരുടെ അതിജീവനത്തിനുതകുന്ന കാര്യമായ ഇടപെടലുകളൊന്നും അവരുടെയാരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയ-ഭരണതല തീരുമാനങ്ങളുണ്ടായാല്‍ നിഷ്പ്രയാസം നടപ്പാക്കാനാകുന്ന നിയന്ത്രിതപമ്പിംഗിന്റെ കാര്യത്തില്‍പോലും നടപടികളെടുപ്പിക്കാനാകുന്നില്ലെങ്കില് പിന്നെ, ഇത്തരം സംവിധാനങ്ങളൊക്കെയെന്തിനെന്നാണവര് ചോദിക്കുന്നത്.
പരമ്പരാഗത കട്ടകുത്തലും മണ്ണുവാരലും ഈടുസംരക്ഷണവുമൊന്നും കുട്ടനാട്ടിലിപ്പോള്‍ നടക്കുന്നതേയില്ല. കുട്ടനാടന്‍ ജലാശയങ്ങളില്‍നിന്നു വള്ളങ്ങളില്‍ മണലും ചെളിയുമൊക്കെ വാരി ഉപജീവനം കഴിച്ചിരുന്നവര്‍ ആയിരക്കണക്കിനുണ്ടായിരുന്ന സ്ഥാനത്ത്,
അതിലേറെ ടിപ്പര്‍ലോറികളില്‍ കിഴക്കന്മണ്ണെത്തുന്ന സാഹചര്യമാണിപ്പോഴത്തേത്. താഴുന്നവള്ളത്തിലേക്കു വീണ്ടും ഭാരംകയറ്റുന്നതുപോലെ, ഡെല്‍റ്റാപ്രദേശത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്ത വമ്പന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നു.
സര്‍ക്കാര്‍പോലും വികസനത്തിന്റെ പേരില്‍ അനാവശ്യവും അശാസ്ത്രീയവുമായ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
പൊതു ഖജനാവിലെ പണം ചെലവഴിക്കുമ്പോള്‍ ജനങ്ങള്‍ക്കെന്തു നേട്ടം കിട്ടുന്നു എന്നതിലുപരി ലാഭത്തിന്റെയും കമ്മീഷന്റെയുമൊക്കെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന രീതി മാറണമെന്നാണ് കുട്ടനാട്ടുകാർ ആവശ്യപ്പെടുന്നത്.
ജലത്തിനു സുഗമമായി ഒഴികിമാറാനാവും വിധം ജലപാതകളുടെയും വേമ്പനാട്ടു കായലിന്റെയുമെല്ലാം ആഴം നിശ്ചിത ഇടവേളകളില്‍ കൂട്ടണം.
പാടശേഖരപ്രദേശങ്ങളിലെല്ലാം നിയന്ത്രിതപമ്പിംഗ് ദുരിതനിവാരണത്തിനുള്ള നിര്‍ബന്ധിത പദ്ധതിയായി നടപ്പാക്കണം. പുറംബണ്ടുകളുടെ സംരക്ഷണവലയിമില്ലാത്ത പ്രദേശങ്ങള്‍ക്കായി അത്യാവശ്യ ഘട്ടങ്ങളില്‍ മെക്കനൈസ്ഡ് ഡിവാട്ടറിംഗ് നടപ്പാക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം. ഇത്തരത്തില്‍ കുട്ടനാട്ടില്നിന്നുയരുന്ന ജനകീയ ആവശ്യങ്ങള്‍ നിരവധിയാണ്.