‘കുട്ടനാടൻ മാർപാപ്പയിൽ ഞാൻ ജോണ്പോൾ എന്ന ഫോട്ടോഗ്രാഫറാണ്. അമ്മയായി ശാന്തികൃഷ്ണ ചേച്ചിയും നായികയായി അദിതി രവിയും വരുന്നു. കുട്ടനാടൻ മാർപാപ്പയിൽ രമേഷ് പിഷാരടി എന്ന നടനൊപ്പവും പഞ്ചവർണതത്തയിൽ രമേഷ് പിഷാരടി എന്ന സംവിധായകനൊപ്പവും വർക്ക് ചെയ്യാനായി.
കരിയറിൽ ആദ്യമായി ഞാൻ എംഎൽഎ ആയി വേഷമിടുന്ന ചിത്രമാണു പഞ്ചവർണതത്ത. പൂമരത്തിൽ കണ്ണനൊപ്പവും പഞ്ചവർണതത്തയിൽ വീണ്ടും കണ്ണന്റെ അച്ഛൻ ജയറാമേട്ടനൊപ്പവും അഭിനയിക്കാനായി. പൂമരത്തിൽ ഞാൻ കുഞ്ചാക്കോ ബോബൻ ആയിട്ടു തന്നെയാണു വരുന്നത്. ജി. മാർത്താണ്ഡന്റെയും സൗമ്യ സദാനന്ദന്റെയും പേരിടാത്ത ചിത്രങ്ങളാണ് ഇനി ചെയ്യുന്നത്…’ കുഞ്ചാക്കോബോബന്റെ പുതിയ സിനിമാവിശേഷങ്ങളിലേക്ക്.
പൂമരത്തിലെ ഗസ്റ്റ് റോൾ അനുഭവങ്ങൾ…?
പൂമരത്തിൽ ഞാൻ കുഞ്ചാക്കോ ബോബൻ ആയിട്ടു തന്നെയാണു വരുന്നത്. മേക്കപ്പ്മാൻ എന്ന സിനിമയിലും കുഞ്ചാക്കോ ബോബൻ ആയിട്ടുതന്നെയാണു ഞാൻ വന്നത്. അതിൽ ഒരു സോംഗും കുറച്ചു സീനുകളുമൊക്കെയുണ്ട്.
അതിലെ കുഞ്ചാക്കോ ബോബൻ എന്ന ഗസ്റ്റ് അപ്പിയറൻസിനുശേഷം വീണ്ടും പൂമരത്തിലാണ് ഞാനായിട്ടു തന്നെ വരുന്നത്. എബ്രിഡുമായി വളരെ നാളെത്തെ സൗഹൃദമുണ്ട്. കണ്ണന്റെ അച്ഛൻ ജയറാമേട്ടന്റെ കൂടെ ഒരുപാടു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഞ്ചവർണതത്തയിൽ അഭിനയിച്ചുകഴിഞ്ഞു.
കണ്ണനൊപ്പം ചെയ്യുന്പോൾ ഒരു പുതിയ ആളിന്റെ കൂടെ വർക്ക് ചെയ്യുകയാണ് എന്നുള്ള തോന്നലൊന്നും ഉണ്ടായിട്ടില്ല. കാന്പസിനകത്തായിരുന്നു ഷൂട്ടിംഗ്. പൂമരത്തിന്റെ സെറ്റിൽ വന്നതിനു ശേഷമാണ് എന്റെ സീനിലെ ഡയലോഗുകൾ വർക്കൗട്ട് ചെയ്യുന്നത്.
അതിൽ എന്റെ അനുഭവങ്ങൾ ഞാൻ പറയുന്നതുപോലെ തന്നെയാണ് ആ സീൻ എടുത്തിരിക്കുന്നത്. ഞാൻ സെറ്റിൽ വന്നതിനുശേഷം എന്റെ കുട്ടിക്കാലത്തെയും കോളജ് കാലത്തെയും അതുകഴിഞ്ഞു സിനിമയിലുമുള്ള രസകരമായ അനുഭവങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. അതിൽ പ്രധാന ഭാഗങ്ങൾ മാത്രമാണ് എന്റെ ഡയലോഗുകളായി ആ സിനിമയിൽ എഴുതിച്ചേർത്തത്. അതു രസകരമായ ഒരനുഭവമായിരുന്നു.
കുട്ടനാടൻ മാർപാപ്പ – ചിത്രീകരണ അനുഭവങ്ങൾ..?
കുട്ടനാട് എന്നും എനിക്കൊരു വീക്ക്നെസാണ്. തിരിച്ചു വീണ്ടും നമ്മുടെ സ്വന്തം നാട്ടിൽ വരിക, പഴയ സ്ഥലങ്ങളൊക്കെ കാണുക, നമ്മൾ ജനിച്ചു വളർന്ന് അനുഭവിച്ചിട്ടുള്ള പല കാര്യങ്ങളും ഒരുപാടു സന്തോഷത്തോടെ അവിടെച്ചെന്ന് വീണ്ടും എക്സ്പീരിയൻസ് ചെയ്യുക, കൂട്ടുകാരോടൊപ്പം പഴയ സ്ഥലങ്ങളൊക്കെ കറങ്ങിനടക്കുക എന്നൊക്കെ പറയുന്നതിൽ ഗൃഹാതുരത്വം ശരിക്കുമുണ്ട്.
കുട്ടനാടൻ മാർപാപ്പയിൽ ഒരു സോംഗ് സീക്വൻസ് ഷൂട്ട് ചെയ്തത് ഞാൻ പഠിച്ച എസ്ഡി കോളജിലാണ്. അവിടത്തെ ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്ത് അതിലെ പിച്ച് ഉൾപ്പെടെ ഇന്റർനാഷണൽ ലെവലിൽ നിലനിർത്തിക്കൊണ്ടുപോകുന്നുണ്ട്. അവിടെ വച്ച് ഒരു സോംഗ് സീക്വൻസ് ഷൂട്ട് ചെയ്തു.
എന്റെ പഠനത്തിനുശേഷം എസ്ഡി കോളജിൽ വന്ന് ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്. അതിന്റെ ബാക്ക് ഡ്രോപ്പിൽ ഞാൻ പഠിച്ചിരുന്ന കോളജും കൊമേഴ്സ് ബ്ലോക്കുമൊക്കെ ഉണ്ടായിരുന്നു. അതിൽ സോംഗും ഡാൻസുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്പോൾ എന്നെ കാണാനായി കുറച്ചു പഴയ സുഹത്തുക്കൾ വന്നു. അതിൽ ചിലരൊക്കെ ഉണ്ണിക്കുടവയറും മുടിയിൽ കുറച്ചു നരയുമൊക്കെയായിട്ടാണു വന്നത്.
‘മേലാൽ ഈ ഏരിയയിൽ കണ്ടുപോയേക്കരുത്, ഓടിപ്പൊയ്ക്കൊള്ളണ’മെന്ന് ഞാൻ അവരോടു കളിയായി പറഞ്ഞു. ഈയൊരവസരത്തിൽ പഴയ ആളുകളെ കാണാനും പഴയ കോളജിലും ബീച്ചിലും ചെന്ന് സോംഗ് സീക്വൻസും സീനുകളുമൊക്കെയെടുക്കുന്പോൾ ഒരു പ്രത്യേക സുഖം. ഒരനുഭവമാണത്.
ജോണ്പോളിന്റെ വിശേഷങ്ങൾ…?
ശ്രീജിത് വിജയൻ രചനയും സംവിധാനവും നിർവഹിച്ച കുട്ടനാടൻ മാർപാപ്പയിൽ എന്റെ കഥാപാത്രം ജോണ് പോൾ. ജോണ്പോൾ രണ്ടാമൻ മാർപാപ്പയാണ് മാർപാപ്പമാരിൽ നമുക്ക് പെട്ടെന്ന് ഓർമവരുന്ന പേര്. അതുകൊണ്ടാണ് മാർപാപ്പ എന്നൊരു ഇരട്ടപ്പേര് ജോണ്പോളിനു വീണുകിട്ടിയത്.
ജോണ്പോളിന്റെ രണ്ടു കാലഘട്ടങ്ങളാണ് ഈ സിനിമയിൽ കാണിക്കുന്നത്. രണ്ടു മൂന്നു വർഷത്തെ ഇടവേള രണ്ടു കാലഘട്ടങ്ങൾക്കിടയിലുണ്ട്. ആദ്യം കാണിക്കുന്പോൾ കളേഴ്സ് സ്റ്റുഡിയോ എന്ന സാധാരണ സ്റ്റുഡിയോയിൽ സാധാരണ സ്റ്റിൽ ഫോട്ടോഗ്രഫറാണു ജോണ്.
ഹെലി കാം, ജിംബെൽ കാമറ, സ്റ്റെഡി കാം, ബോഡി റിഗ്, ഈസി റിഗ്…തുടങ്ങിയ ഇപ്പോഴത്തെ ട്രെൻഡിയായിട്ടുള്ള മോഡേണ് ടെക്നിക്കൽ എക്യുപ്മെന്റ്സ് ഉപയോഗിച്ച് ഇവന്റ്സ്, മാര്യേജ് ഫംഗ്ഷനുകൾ എന്നിവ കവർ ചെയ്യുന്ന ജോണ്പോളിനെയാണ് പുതിയ വേർഷനിൽ കാണിക്കുന്നത്. കല്യാണ ഫംഗ്ഷനുകൾക്കും മറ്റും പോകുന്പോൾ ഇവയെല്ലാം എല്ലാവരും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള കാര്യങ്ങളാണ്.
മാര്യേജ് വീഡിയോഗ്രഫിയിലെയും സ്റ്റിൽ ഫോട്ടോഗ്രഫിയിലെയും വളരെ രസകരമായ പല മുഹൂർത്തങ്ങളും സിനിമയിൽ അങ്ങനെ വന്നിട്ടില്ല. അത് ഈ സിനിമയുടെ ഒരു പ്രധാന കാര്യമാണ്. ജോണ്പോളിന്റെ കുടുംബം, അവന്റെ പ്രണയം, സുഹൃത്തുക്കൾ എന്നിവയിലൂടെയൊക്കെ കുട്ടനാടൻ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്. ഇപ്പോഴത്തെ കുട്ടനാടിന്റെ ഒരു വേർഷൻ ഈ സിനിമയിൽ കാണാനാവും.
ഇന്നസെന്റ് ചേട്ടൻ, സലീംകുമാർ, ഹരീഷ് കണാരൻ, ധർമജൻ, അജു വർഗീസ്, രമേഷ് പിഷാരടി, ടിനി ടോം, സൗബിൻ, ബാലു വർഗീസ് തുടങ്ങി ഹ്യൂമർ കൈകാര്യം ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആളുകൾ ഇഷ്ടപ്പെടുന്ന ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്. അതൊരനുഭവം തന്നെയാണ്. ഹ്യൂമറിലൂടെത്തന്നെയാണു കഥ പറഞ്ഞുപോകുന്നത്. ഇത്രയും ആളുകൾക്കൊപ്പം ഒരുമിച്ചഭിനയിച്ചതു രസകരമായ ഷൂട്ടിംഗ് സമയവും അനുഭവവും ആയിരുന്നു.
ശാന്തികൃഷ്ണ.. അഭിനേത്രിയും ഗായികയും..?
ശാന്തികൃഷ്ണചേച്ചിയാണ് വാസ്തവത്തിൽ ഈ സിനിമയിലെ ഒരു ഹൈലൈറ്റ് ഫാക്ടർ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നമ്മൾ കണ്ട ശാന്തികൃഷ്ണചേച്ചിയല്ല ഇതിൽ. വളരെ ബബ്ളിയായിട്ടുള്ള, എനർജറ്റിക്കായുള്ള എന്തിനും ചാടിയിറങ്ങുന്ന ഒരു അസൽ കുട്ടനാട്ടുകാരിയാണ് ഇതിൽ ശാന്തിചേച്ചിയുടെ കഥാപാത്രമായ മേരി. ജോണ്പോളിന്റെ അമ്മയാണു മേരി.
ജോണിന്റെ അച്ഛൻ വർഷങ്ങൾക്കുമുന്പ് വിഷം കഴിച്ചു വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തു. അതിനുശേഷം ഒറ്റമകനെ വളർത്താൻ ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനെയെല്ലാം വളരെ ധൈര്യപൂർവം നേരിട്ടു വിജയിച്ച സ്ത്രീയാണു മേരി.
മകനോടു പോലും ‘അവളെപ്പോയി ലൈനടിക്ക്, വളച്ചോണ്ടു വാ’ എന്നൊക്കപ്പറയുന്ന അടിപൊളി അമ്മയാണ് ശാന്തിചേച്ചിയുടെ കഥാപാത്രം! കുറേ ഹ്യൂമർ ആർട്ടിസ്റ്റുകളും നല്ല കോംബിനേഷൻ സീനുകളുമൊക്കെയുള്ളതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു കുറേക്കൂടി ഹ്യൂമർ സപ്പോർട്ടും കിട്ടുന്നുണ്ട്.
എന്നാൽ ഓവറായി ചെയ്യേണ്ട കാര്യവുമില്ല. കാരണം, സീക്വൻസുകൾ അങ്ങനെയാണ്. മനോഹരമായ ഒരു മെലഡി സോംഗ് ശാന്തിചേച്ചി ഇതിൽ പാടിയിട്ടുണ്ട്. ഏദൻപൂവേ… എന്നു തുടങ്ങുന്ന ഒരു ഗാനം. രചന വിനായക് ശശികുമാർ. അതിപ്പോൾത്തന്നെ എല്ലാവരും ഇഷ്ടപ്പെട്ടുകഴിഞ്ഞ ഒരു ഗാനമാണ്. ഇതുവരെ കാണാത്ത ഒരു ശാന്തിചേച്ചിയെ, ശാന്തികൃഷ്ണ എന്ന അഭിനേത്രിയെ കുട്ടനാടൻ മാർപാപ്പയിലെ മേരിയിലൂടെ കാണാനാവും.
അദിതി രവിയുടെ കഥാപാത്രം..?
അദിതി രവിയുടെ കഥാപാത്രം കുറച്ചു ട്രിക്കിയാണ്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള നായികമാർക്ക് അങ്ങനെ പെട്ടെന്നു സ്വീകരിക്കാൻ പറ്റുന്ന ഒരു കഥാപാത്രമല്ല അത്. പക്ഷേ, അത് അദിതി വളരെ ധൈര്യപൂർവം സ്വീകരിച്ചു. ഏറ്റവും നന്നായിത്തന്നെ ചെയ്തു. അദിതി വളരെ എനർജറ്റിക്കാണ്. കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി അതുപോലെ ചെയ്യാനുള്ള ധൈര്യവും കമിറ്റ്മെന്റുമുണ്ട്.
ഒരു ഉദാഹരണം പറയാം: കുട്ടനാടൻ മാർപാപ്പ ഒരു അണ്ടർവാട്ടർ ലവ് സ്റ്റോറി എന്നാണു വാസ്തവത്തിൽ ടൈറ്റിൽ ചെയ്തിരിക്കുന്നത്. ഇതിലെ നായകനും നായികയും രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിലേക്കു ചാടുന്നുണ്ട്. കുട്ടനാട്ടുകാരനാണെങ്കിലും ജോണ്പോളിനു നീന്തലറിയില്ല.
ഒരു ഘട്ടത്തിൽ അദിതിയുടെ കാരക്ടർ ജോണ്പോളിനെ വരെ വെള്ളത്തിൽ നിന്നു രക്ഷിക്കുന്ന സീക്വൻസ് പടത്തിലുണ്ട്. പക്ഷേ, അദിതിക്ക് യഥാർഥത്തിൽ നീന്തലറിയില്ല. എന്നിട്ടുപോലും അദിതി വെള്ളത്തിലേക്ക് എടുത്തുചാടുകയും മുങ്ങിപ്പൊങ്ങുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമാണ് അണ്ടർ വാട്ടർ സീക്വൻസുകൾ പൂർണമായും ഷൂട്ട് ചെയ്തത്. അതിനുവേണ്ടി അദിതി നീന്തൽ പഠിച്ചിരുന്നു. അത്തരം കമിറ്റ്മെന്റും മറ്റും തീർച്ചയായും അഭിനന്ദനാർഹമാണ്.
രാജീവ് ആലുങ്കലും താമരപ്പൂംതേൻകുരുന്നും…?
ഇതിൽ മൂന്നു ഗാനങ്ങളാണ് വീഡിയോ റീലീസ് ചെയ്തുകഴിഞ്ഞത്. മൂന്നും മൂന്നു തരത്തിലുള്ള ഗാനങ്ങളാണ്. സംഗീതം രാഹുൽരാജ്. കുട്ടനാടിന്റെ ബാക്ക്ഡ്രോപ്പും സീക്വൻസുകളും വച്ചിട്ടുള്ള ഒരു പാട്ടാണ് ഏറ്റവുമാദ്യം റിലീസ് ചെയ്തത്.
താമരപ്പൂം തേൻകുരുന്ന്… എന്നു തുടങ്ങുന്ന ഗാനം. രാജീവ് ആലുങ്കലിന്റെ വരികൾ. പാടിയതു ജാസി ഗിഫ്റ്റ്. ഈ സിനിമയിലുള്ള മിക്കവാറും എല്ലാ ആർട്ടിസ്റ്റുകളെയും അതിൽ കാണാനാവും. പാട്ടിനും അതിന്റെ വിഷ്വലുകൾക്കും വലിയ സ്വീകാര്യത തന്നെയായിരുന്നു ആളുകൾക്കിടയിൽ. രാജീവ് ആലുങ്കൽ ആലപ്പുഴക്കാരനാണ്. അതുകൊണ്ട് കുട്ടനാട്ടിലെ പല സ്ഥലങ്ങളുടെ പേരുകൾ വച്ച് ഈ ഗാനത്തിൽ ഒരുപാടു വരികൾ വന്നിട്ടുണ്ട്. എല്ലാ അർഥത്തിലും അതൊരു നല്ല ഗാനമായി മാറി.
ഏദൻപൂവേ എന്ന ഗാനമാണു പിന്നീടു റിലീസ് ചെയ്തത്. ശാന്തിചേച്ചി പാടിയ ഒരു മെലഡി സോംഗാണത്. ശരിക്കും ഒരു താരാട്ടുപാട്ടുപോലെ തന്നെയാണത്. മനസിനു കുളിർമയും ഗൃഹാതുരത്വവും നല്കുന്ന ഗാനമായിരുന്നു അത്. അതിൽ ശാന്തികൃഷ്ണ എന്ന നടിയെയും ശാന്തികൃഷ്ണ എന്ന ഗായികയെയും ഏറ്റവും മനോഹരമായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. അതൊരു വലിയ ഭാഗ്യം തന്നെയാണ്.
പിന്നീടൊരു ഫാസ്റ്റ് നന്പരാണ് ഇറങ്ങിയത്. അതൊരു ഡാൻസ് നന്പറായിരുന്നു. സരിഗമ എന്നു തുടങ്ങുന്ന ഗാനം. ഡപ്പാംകൂത്ത് ലൈനും ചെറിയൊരു ബ്രേക്ക് ഡാൻസുമൊക്കെയുള്ള പാട്ടാണത്. കുറേ നാളുകൾക്കുശേഷം ഒരു ഫാസ്റ്റ്നന്പർ ചെയ്യാനായി.
അതു നമ്മുടെ സ്വന്തം നാട്ടിൽ ഞാൻ പഠിച്ച കോളജിന്റെ ഗ്രൗണ്ടിലൊക്കെ ചെയ്യാൻ പറ്റി എന്നതു രസകരമായിട്ടുള്ള ഒരു സംഭവമായിരുന്നു. ഞാൻ ശരിക്കും അത് എൻജോയ് ചെയ്തു എന്നതാണു സത്യം. അദിതിയും അതിൽ വളരെ മനോഹരമായി കൂടെ ചുവടുകൾ വച്ചു. ഷോബി മാസ്റ്ററായിരുന്നു അതിന്റെ നൃത്തസംവിധാനം. എനിക്കു കുറേയധികം ഫാസ്റ്റ് ഡാൻസ് നന്പറുകൾ ചെയ്തു തന്നിട്ടുള്ള ഡാൻസ് കൊറിയോഗ്രാഫർ കൂടിയാണ് ഷോബി.
മല്ലൂസിംഗിലും സീനിയേഴ്സിലുമെല്ലാം ഷോബിയുടെ നൃത്തച്ചുവടുകളാണു ചെയ്തിട്ടുള്ളത്. ഈ മൂന്നു ഗാനങ്ങളും മൂന്നു തരത്തിലുള്ളവയാണ്. മൂന്നു പാറ്റേണിലുള്ള ഗാനങ്ങളാണ്. അതു മൂന്നും പ്രേക്ഷകർ സ്വീകരിച്ചു. ഇനി സിനിമയും അതുപോലെതന്നെയാകട്ടെ എന്നു പ്രാർഥിക്കുന്നു.
രമേഷ് പിഷാരടി – നടനും സംവിധായകനും…?
കുട്ടനാടൻ മാർപാപ്പയിൽ രമേഷ് പിഷാരടി എന്ന നടനൊപ്പവും അതിനുശേഷം പഞ്ചവർണതത്തയിൽ രമേഷ് പിഷാരടി എന്ന സംവിധായകനൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചു. ഇതിനു മുൻപ് രമേഷ് പിഷാരടി എന്ന കലാകാരനെ കൂടുതൽ അടുത്തറിഞ്ഞത് അമേരിക്കയിൽ ഒന്നു രണ്ട് സ്റ്റേജ് ഷോകൾക്കു പോയപ്പോഴാണ്. മലയാളികളെ ചിരിപ്പിക്കുക എന്നുള്ളതു ബുദ്ധിമുട്ടുള്ള കാര്യമാണ്.
അതും വേറേ യാതൊരു സപ്പോർട്ടുമില്ലാതെ ഒറ്റയ്ക്കുനിന്ന് ഒരു മണിക്കൂറുറോളം തുടർച്ചയായി ചിരിപ്പിക്കുക എന്നതു സാധാരണക്കാരനു കഴിയുന്ന കാര്യമല്ല. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരു പ്രത്യേക കഴിവ് പിഷാരടിക്കുണ്ട്. അതു ഹ്യൂമറിന്റെ ഒരു ആസ്പക്റ്റാണ്.
പക്ഷേ, ഹ്യൂമർ വെറും ഒരു സ്ളാപ്റ്റിക് പോലെയോ അല്ലെങ്കിൽ കൗണ്ടറുകൾ പറയുകയോ എന്നതിലുപരി ലോകവിവരവും പരിജ്ഞാനവും അനുഭവവും ഉള്ള ഒരു വ്യക്തിക്കുമാത്രമാണ് പല വിഷയങ്ങൾ മനസിലാക്കി അതിന്റെ കൂടെ കുറച്ചു സർക്കാസവും സറ്റയറുമൊക്കെ ചേർത്തിട്ടുള്ള ഹാസ്യം, നല്ല രീതിയിലുള്ള ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. അതാണു ശരിക്കും പിഷാരടി എന്ന സംവിധായകനിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ ഏറ്റവും സഹായിച്ചിട്ടുള്ളത്. അത്രത്തോളം അനുഭവവും അറിവുമുള്ള ഒരു വ്യക്തിയാണ്.
പഞ്ചവർണതത്തയിൽ എന്നെ ഏറ്റവുമാദ്യം ആകർഷിച്ചത് കഥയാണ്. കഥയോടൊപ്പംതന്നെ എന്തു വേണം, എന്തു വേണ്ടാ എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ള സംവിധായകനാണ് പിഷാരടി. ഒരു പക്കാ ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും പഞ്ചവർണതത്ത എന്നതിൽ സംശയമില്ല.
കുട്ടികൾക്കും കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കുമെല്ലാം ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഹ്യൂമറും ഒരു മെസേജുമെല്ലാം സിനിമയിലുണ്ടാവും. ജയറാമേട്ടനൊടൊപ്പം വീണ്ടും അഭിനയിക്കാൻ സാധിക്കുന്നു. അതോടൊപ്പം നല്ല സിനിമകൾ നല്കിയിട്ടുള്ള മണിയൻപിള്ളരാജു എന്ന പ്രൊഡ്യൂസറുടെ പടത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കാൻ സാധിച്ചത്. ഇതിൽ കലേഷ് എന്ന എംഎൽഎയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്.
എംഎൽഎ കഥാപാത്രം ആദ്യമായിട്ടാണു ചെയ്യുന്നത്. നമുക്കു സ്ഥിരം അടുത്തറിയാവുന്ന നമുക്കു പരിചിതരായിട്ടുള്ള എംഎൽഎമാുടെ എല്ലാ സ്വഭാവഗുണങ്ങളും ഇതിലുണ്ട്. നല്ലതും കുറച്ചു മോശമായിട്ടുള്ളതുമായ സ്വഭാവങ്ങളെല്ലാമുള്ള കഥാപാത്രം. അതു വളരെ റിയലിസ്റ്റിക്കായി ചെയ്യാൻ പിഷാരടിയും ബാക്കിയുള്ള ക്രൂവും സപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനുശ്രീ, മല്ലിക സുകുമാരൻ… എന്നിവർക്കൊപ്പം..?
അനുശ്രീയോടൊപ്പം നാലാമത്തെ സിനിമയാണു പഞ്ചവർണതത്ത; പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജമ്മ അറ്റ് യാഹു, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്നിവയ്ക്കുശേഷം. കൊച്ചവ്വ പൗലോയിലാണ് എന്റെ നായികയായി ആദ്യം വരുന്നത്. തേച്ചിട്ടു പോകുന്ന കഥാപാത്രമാണെങ്കിലും അതിൽ നീലക്കണ്ണുള്ള മാനേ… എന്ന നല്ലൊരു ഡ്യൂയറ്റ് സോംഗുണ്ട്.
ആ സിനിമയ്ക്കുശേഷം ഇതിലാണ് അനുശ്രീ എന്റെ നായികയായി വരുന്നത്. ടാലന്റഡാണ്. ഇപ്പോഴത്തെ ബ്രീഡ് ഓഫ് നായികമാരിൽ ഹ്യൂമറും അത്യാവശ്യം കൈകാര്യം ചെയ്യാൻ പറ്റുന്ന അഭിനേത്രിയാണ് അനുശ്രീ. ഇതിൽ കലേഷിന്റെ ഭാര്യയായ ചിത്ര എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായി തോന്നിയതും ഏറ്റവും കൃത്യമായിത്തന്നെ അതു ചെയ്തതും അനുശ്രീയാണ്.
മല്ലികചേച്ചിയോടൊപ്പം അടുപ്പിച്ചു രണ്ടാമത്തെ സിനിമയാണു ചെയ്തത്. കുട്ടനാടൻ മാർപാപ്പയിലും മല്ലികചേച്ചിയുണ്ട്. ഇപ്പോൾ പഞ്ചവർണതത്തയിലും മല്ലിക ചേച്ചിയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നു. വളരെ രസകരമായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന ഒരു ആക്ട്രസാണ് മല്ലികചേച്ചി. ഈ രണ്ട് അഭിനേത്രികൾക്കൊപ്പവും ഒരുമിച്ച് ആദ്യമായി ഒരു സിനിമ ചെയ്യുന്നു, പഞ്ചവർണതത്തയിൽ.
സൗമ്യ സദാനന്ദന്റെ സിനിമയിൽ…?
സീരിയസായ അപ്പിയറൻസും മറ്റു കാര്യങ്ങളും വച്ചുനോക്കിയാൽ സൗമ്യസദാനന്ദൻ എന്ന സംവിധായികയെപ്പറ്റി പൊതുവേയുള്ള ധാരണ ബുദ്ധിജീവി എന്നു തോന്നാവുന്ന മട്ടിലുള്ളതാണ്. പക്ഷേ, സൗമ്യ വന്നു പറഞ്ഞ സിനിമയുടെ കഥ, അതിലുപരി അതിന്റെ ഡീറ്റയിലിംഗ്- അതിന്റെ സ്ക്രിപ്റ്റും ഡയലോഗുകളുമെല്ലാം വളരെ ലൈറ്റ് ഹാർട്ടഡ് ആയിട്ടുള്ള ഒരു ഫീൽഗുഡ് സിനിമയുടെ സംഭവമായിരുന്നു.
സാധാരണക്കാർക്കും പെട്ടെന്നു ബന്ധപ്പെടുത്താൻ പറ്റുന്ന ഒരു വിഷയമാണു കൈകാര്യം ചെയ്യുന്നത്. ക്ലീൻ ഹ്യൂമറിന്റെ നല്ലൊരു സപ്പോർട്ട് ആ കഥയിൽ പ്രകടമായിട്ടുണ്ട്.
ടോണി എന്ന പുതുമുഖമാണ് അതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആദ്യം അതിന്റെ കഥ കേട്ടപ്പോൾ എനിക്കു വർക്കൗട്ട് ആയിരുന്നില്ല. പിന്നീടു ഡീറ്റയിൽഡ് ആയ സീനുകളും ഡയലോഗും മറ്റും സൗമ്യ പറഞ്ഞു. ഞാനും പ്രിയയും ഒരുമിച്ചിരുന്നാണു കേട്ടത്. ഞങ്ങൾ രണ്ടുപേരും നന്നായി ചിരിച്ചു, ആസ്വദിച്ചു. ആ ഒരു ധൈര്യത്തിന്റെ പുറത്താണു സൗമ്യയുടെ സിനിമ ചെയ്യുന്നത്. ആൽവിൻ ആന്റണി, ഡോ. സക്കറിയ എന്നിവർ ചേർന്നാണ് ആ സിനിമ നിർമിക്കുന്നത്.
ജി. മാർത്താണ്ഡന്റെ ചിത്രം…?
പാവാട എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാർത്താണ്ഡനും വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസും ഒരുമിക്കുന്ന സിനിമ. ഇവർ രണ്ടുപേരും സിനിമ ചെയ്തിട്ട് ഏകദേശം രണ്ടു കൊല്ലത്തോളമായി. അതുകൊണ്ടുതന്നെ ഇരുവരുടെയും കൂട്ടായ്മയിൽ ഒരു സിനിമ വരുന്നു എന്നു പറയുന്പോൾത്തന്നെ ആളുകൾക്ക് പ്രതീക്ഷയുണ്ടാവും – ആളുകളെ വിനോദിപ്പിക്കുന്ന ഒരു നല്ല സിനിമ എന്ന പ്രതീക്ഷ.
അത് ഒട്ടും ചോരാതെയുള്ള ഒരു കഥയും സ്ക്രിപ്റ്റുമാണ് ഇരുവരും തമ്മിൽ പറഞ്ഞത്. അതുകൊണ്ടുതന്നെ യാതൊരു സംശയവുമില്ലാതെ ഈ ചിത്രത്തിനു ഞാൻ കൈ കൊടുക്കുകയായിരുന്നു.
സിദ്ദിക്ക് ചേട്ടൻ, ഷറഫുദീൻ, ടിനി ടോം, മംമ്ത…അങ്ങനെ വലിയൊരു താരനിര ഈ സിനിമയിലും ഉണ്ട്. ഹ്യൂമറാണ് ഈ സിനിമയുടെയും സ്ടോംഗ് പോയന്റ്. വെള്ളിമൂങ്ങയിലൂടെ നമ്മെ ചിരിപ്പിച്ച, ഒരുപാടു സീക്വൻസുകൾ തന്നിട്ടുള്ള തിരക്കഥാകൃത്ത് ജോജിയുടെ മറ്റൊരു നല്ല സിനിമയായിരിക്കും മാർത്താണ്ഡന്റെ ഈ ചിത്രം എന്നു വിശ്വസിക്കുന്നു.
റോം യാത്രയ്ക്കു പിന്നിൽ…?
റോം യാത്ര പെട്ടെന്ന് തീരുമാനമായതാണ്. കുട്ടനാടൻ മാർപാപ്പയുടെ റിലീസും അതിനു തൊട്ടുമുന്പു മാർപാപ്പയെ കാണാനുളള ഒരവസരവും യാദൃച്ഛികമായി വന്നതാണ്. അതു ശരിക്കും ഒരു വെക്കേഷൻ തന്നെയായിരുന്നു. ഭാര്യയ്ക്കും എന്റെ രണ്ടു സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു യാത്ര.
വത്തിക്കാൻ സിറ്റിയിൽ സെന്റ്പീറ്റേഴ്സ് ബസലിക്കയുടെ സ്ക്വയറിൽ മാർപാപ്പയെ നേരിട്ടു കണ്ട് അനുഗ്രഹം വാങ്ങാൻ സാധിച്ചു. അതു വലിയ ഭാഗ്യം തന്നെയാണ്. ഒറിജിനൽ മാർപാപ്പയുടെ അനുഗ്രഹം നമ്മുടെ കുട്ടനാടൻ മാർപാപ്പയ്ക്കും കിട്ടും എന്നു വിശ്വസിക്കുന്നു.
ടി.ജി. ബൈജുനാഥ്