നിരണം: വെള്ളപ്പൊക്കത്തിൽ നശിച്ച അപ്പർകുട്ടനാട്ടിലെ ഉൾനാടൻ റോഡുകൾ നന്നാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. പൊടിയാടി മുതൽ നിരണം ഇരതോടു വരെയുള്ള നൂറോളം ഗ്രാമീണ റോഡുകളാണ് കഴിഞ്ഞ വർഷത്തെ കുത്തൊഴുക്കിൽ തകർന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇവ നന്നാക്കുവാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ഈ വർഷത്തെ വെള്ളപ്പൊക്കവും ശക്തമായ മഴയും ഈ റോഡുകളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കി.
നെടുന്പ്രം, പെരിങ്ങര, കടപ്ര, നിരണം പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽപ്പെടുന്ന റോഡുകൾ പുനർനിർമിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയാണ്.ഫണ്ടില്ലാത്തതാണ് തദ്ദേശ സ്ഥാപനങ്ങളെ വലയ്ക്കുന്നത്. ശക്തമായ ഒഴുക്കിൽ ഗ്രാമീണ റോഡു കളിൽ കുഴികൾ രൂപം കൊള്ളുകയും ഒഴുകി വന്ന ചെളി നിറയുകയും ചെയ്തു.
തന്മൂലം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴ പെയ്യുബോൾ തെന്നലുണ്ടാകുകയും അപകടമണ്ടാകുകയും ചെയ്യുന്നു. പമ്പ, മണിമല നദികളുടെ തീരത്തുകൂടി സ്ഥിതി ചെയ്യുന്ന റോഡുകളാണ് ഈ ഭാഗത്ത് ഏറെയും. ഉയർന്ന ജനവാസ പ്രദേശങ്ങളാണിവിടം. തിരുവല്ല കായംകുളം റോഡിന് കിഴക്കുവശത്തുകൂടി ഒഴുകുന്ന നദി ഭാഗത്ത് നിന്ന് ശക്തമായ നീഴൊഴുക്കായിരുന്നു.
നദീതീരത്ത് നിന്നുള്ള ഈ ഭാഗത്തെ ഉൾനാടൻ റോഡുകൾ എല്ലാം കുത്തൊലിച്ച് പോകുകയായിരുന്നു. ആലുംതുരുത്തി ചന്തയിൽ നിന്നും പാലത്തിൽ നിന്നും പുളിക്കീഴ് പാലത്തിന് കിഴക്കോട്ടുമുള്ള റോഡുകൾ തകർന്ന് ഇവിടങ്ങളിൽ ചെളി കയറി സഞ്ചാരയോഗ്യമല്ലാതെയായി. കുത്തിയതോട് പാലം മുതൽ കടപ്ര മാന്നാർ, തേവേരി, ഇരതോടു വരെയുള്ള നദീതീരത്തെ ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്ന് ചെളി കയറി.
റോഡിന്റെ വശങ്ങളിലുള്ള പിച്ചിംഗ് കെട്ടിന്റെ വശങ്ങളും ഇടിഞ്ഞ് താഴ്ന്നു. ഇരതോട്, എരതോട് പാടശേഖരത്തിന്റെ വശത്തെ റോഡിന്റെ പിച്ചിംഗ് കെട്ട് തകർന്നു.എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ചെങ്കിലും തത്കാല പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.