മങ്കൊമ്പ്: കുട്ടനാടൻപാടശേഖരങ്ങളിലെ വെള്ളക്കെട്ടിൽ തുടർച്ചയായി മുങ്ങിക്കിടന്നു നശിക്കുന്ന റോഡുകൾ യാത്രക്കാർക്കു മരണക്കെണിയൊരുക്കിയിട്ടും രാഷ്ട്രീയഇടപടെലുകളോ നടപടികളോ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
മുളയ്ക്കാംതുരുത്തി – കൃഷ്ണപുരം റോഡിലെ നാരകത്തറ ഭാഗത്ത്, ഇന്നുരാവിലെ റോഡിലെ കുഴിയിൽ വീണ കാറും യാത്രക്കാരും തലനാഴിരയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്.
നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ചെളിക്കുണ്ടായി മാറിയ റോഡിൽ നിന്നും വാഹനങ്ങൾ കരകയറ്റി വിട്ടത്. റോഡുകടന്നുപോകുന്ന കോഴിച്ചാൽപാടശേഖരത്തിൽ വെള്ളക്കെട്ടായതിനാൽ, റോഡിന്റെ അവസ്ഥയുമായി വലിയ പരിചയമില്ലാത്ത പുറത്തുനിന്നുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടാലുണ്ടായേക്കാവുന്ന ദുരന്തങ്ങൾ പ്രവചനാതീതമാണ്.
കാവാലത്തേക്കുള്ള ഈ റോഡ് ഹെലികോപ്റ്ററുകൾക്കുപോലും പറന്നിറങ്ങാവുന്ന രീതിയിൽ നവീകരിക്കുമെന്ന് 2018ലെ പ്രളയത്തിനുശേഷം പ്രചാരണമുണ്ടായിരുന്നു.
പ്രളയദിനങ്ങളിൽ റോഡുമാർഗ്ഗവും ജലമാർഗ്ഗവും കുട്ടനാട്ടുകാർക്കു പുറത്തേക്കുകടക്കാനാവും വിധം രക്ഷാപ്രവർത്തനത്തിനുള്ള ഹബ്ബ് എന്ന വാഗ്ദാനമാണ് അക്കാലത്ത് പറഞ്ഞുകേട്ടത്.
ഇതൊന്നും നടപ്പായില്ലെന്നുമാത്രമല്ല ആധുനികരീതിയിൽ റോഡുനവീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ പോലും ആവശ്യത്തിനു ഫണ്ടു നൽകാത്തതിനാൽ അട്ടിമറിക്കപ്പെടുകയാണുണ്ടായത്.
ഇക്കഴിഞ്ഞ വേനൽകാലത്ത് റോഡിന്റെ അറ്റകുറ്റപണികൾ നടത്താനാവും വിധം പൊതുമരാമത്തുവകുപ്പിലെ എൻജിനീയർമാർ മുപ്പതുലക്ഷം രൂപയുടെ എസ്റ്റിമേറ്റു തയ്യാറാക്കി സമർപ്പിച്ചിരുന്നെങ്കിലും പതിനഞ്ചുലക്ഷം രൂപയ്ക്കുള്ള അനുമതി മാത്രമാണത്രേ ലഭിച്ചത്.
കുറഞ്ഞതുകയ്ക്കുള്ള പണി ഏറ്റെടുക്കാൻ കരാറുകാരാരും തയ്യാറാകാത്തതിനാൽ റോഡിലെ കുഴി അടയ്ക്കലും മുടങ്ങി.
എലിവേറ്റഡ്ഹൈവേപോലുള്ള വന്പൻ പദ്ധതികളുടെ പേരിൽ കോടികൾ പൊടിക്കുന്പോഴും സാധാരണക്കാരേറെ ആശ്രയിക്കുന്ന റോഡുകൾക്കുവേണ്ടി അത്യാവശ്യമുള്ള ഫണ്ടുപോലും നൽകാൻ അധികൃതർ മടിക്കുകയാണെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പൊതുമരാമത്തുവകുപ്പുമന്ത്രിയുടെ വെബ്സൈറ്റിൽ ഉൾപ്പെടെ നിരവധിതവണ പലരും പരാതികൾ സമർപ്പിച്ചെങ്കിലും നടപടികൾ വൈകുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാടശേഖരങ്ങളിൽ കൃഷിയില്ലാത്ത അവസരങ്ങളിൽ റോഡുകൾക്കുമുകളിൽ വെള്ളമെത്താത്തരീതിയിൽ നിയന്ത്രിപന്പിംഗിലൂടെ ജലനിരപ്പുക്രമീകരിച്ചു നിർത്തിയാൽ റോഡുകളുടെ തകർച്ചയും നാട്ടുകാരുടെ ദുരിതങ്ങളും വലിയൊരു പരിധിവരെ ഒഴിവാക്കാനാകും.
ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ചു പ്രാദേശികഭരണകൂടങ്ങൾക്കിതു നടപ്പാക്കാനാകുമെങ്കിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു പോലും ആത്മാർത്ഥമായ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.