മങ്കൊന്പ്(ആലപ്പുഴ): കുട്ടനാട്ടിൽ വിവിധ സ്ഥലങ്ങളിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ കെ.ആർ. ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലും അന്വേഷണത്തിലും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പൂപ്പള്ളി, മങ്കൊന്പ്, കിടങ്ങറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലും വാഹന പരിശോധനയിലുമാണ് ഇവർ പിടിയിലായത്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വിൽപ്പനയും, ഉപയോഗവും വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ദീപികയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു കേസുകളിലായാണ് അഞ്ചുപേരെ അറസ്റ്റു ചെയ്തത്.
കിടങ്ങറ പാലത്തിനു കിഴക്കുവശം വച്ചാണ് ഇന്നോവ കാറിൽ കടത്തിയ രണ്ടുകിലോ 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ചങ്ങനാശ്ശേരി പെരുന്ന ഒളശപുരയിടം വീട്ടിൽ ബാലന്റെ മകൻ നിബിൻ (30), പെരുന്ന ഫാത്തിമാപുരം മലയിൽ പുതുപറന്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ കിഷോർ (24) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർ ചങ്ങനാശേരി സ്വദേശിയിൽനിന്നും ദിവസ വാടകയ്ക്ക് വാഹനം എടുത്ത് തമിഴ്നാട്ടിലെ കന്പത്തുനിന്നും എത്തിച്ചതാണ് കഞ്ചാവെന്നും അലപ്പുഴ ജില്ലയുടെ കിഴക്കൻമേഖലകളിലും ചങ്ങനാശേരിയിലുമായി മൊത്തവിതരണത്തിന് എത്തിച്ച കഞ്ചാവാണിതെന്നും എക്സൈസ് പറഞ്ഞു.
കിഷോറിന്റെ പേരിൽ ചങ്ങനാശേരി പോലീസിലും, എക്സൈസിലും കഞ്ചാവ് കേസുകൾ നിലവിൽ ഉണ്ട്. നിബിന്റെ പേരിൽ ചങ്ങനാശേരി പോലീസിൽ ക്രിമിനൽ കേസുകളും നിലവിലുണ്ട്. കാറിന്റെ മുൻഭാഗത്തുള്ള വാതിലുകളിൽ രഹസ്യമായി ക്രമീകരിച്ചിരുന്ന അറകളിൽ പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഇതിനു മുന്പും സമാനരീതിയിൽ കഞ്ചാവ് കടത്തിയിട്ടുള്ളതാണെന്നും, ആദ്യമായാണ് വാഹന സഹിതം ഇവർ അറസ്റ്റിലാകുന്നതെന്നും സിഐ പറഞ്ഞു. നേരത്തെ ഓട്ടോറിക്ഷയിൽ കഞ്ചാവ് ചെറിയ പൊതികളാക്കി കടത്തിയതിനു ഡ്രൈവർ ചങ്ങനാശേരി, തൃക്കൊടിത്താനം പുതുപറന്പിൽ കരൂണാകരന്റെ മകൻ രാജീവിനെ (34) മങ്കൊന്പിൽവച്ച് അറസ്റ്റ് ചെയ്യുകയും 20 പൊതി കഞ്ചാവും വാഹനവും പിടിച്ചെടുക്കുകയു ചെയ്തിരുന്നു.
ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ കഞ്ചാവുമായി എത്തിയ ചങ്ങാനാശേരി ഫാത്തിമാപുരം പുതുപറന്പിൽ നസീറിന്റെ മകൻ ജഗ്ഫർ നസീർ (25), ചങ്ങന്നാശേരി തൃക്കൊടിത്താനം റൗഫ് മൻസിലിൽ മുഹമ്മദ് റമീസ് (28) എന്നിവരെ 110 ഗ്രാം കഞ്ചാവുമായി അറസ്റ്റുചെയ്യുകയും ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. പ്രതികളെ ആലപ്പുഴ ജില്ലാ കോടതി, രാമങ്കരി കോടതി എന്നിവിടങ്ങളിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
ബസിലും ട്രെയിനിലും പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇപ്പോൾ കൂടുതലായും ആഡംബരക്കാറുകളിലാണ് കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൽ മാത്രം പിടികൂടുന്ന മൂന്നാമത്തെ ആഡംബര കാറാണിത്. റെയ്ഡിൽ സിഐയെ കൂടാതെ, പ്രിവന്റീവ് ഓഫീസർമാരായ എൻ. ബാബു, പി.എം. സുമേഷ്, കുഞ്ഞുമോൻ, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. റെനി, ഓംകാർനാഥ്, അനിലാൽ, അരുണ് , രവികുമാർ എന്നിവർ പങ്കെടുത്തു.