മങ്കൊന്പ്: വേനൽ കടുത്തതോടെ കുട്ടനാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. താലൂക്കിന്റെ വടക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ഏറ്റവുമധികം അനുഭവിക്കുന്നത്. നീലംപേരൂർ, കാവാലം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് പത്തു വർഷമെങ്കിലുമായി. ഒരു വ്യാഴവട്ടക്കാലമായി ഇവിടുത്തെ ജനങ്ങൾ കുടിവെള്ളം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്.
നീലംപേരൂർ, കാവാലം ഗ്രാമപഞ്ചായത്തുകളിൽ ലിറ്ററൊന്നിനു 50 പൈസ മുതൽ 80 പൈസ വരെ നിരക്കിലാണ് വിൽപ്പനയെങ്കിൽ, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൻറെ ചില പ്രദേശങ്ങളിൽ ലിറ്ററൊന്നിന് ഒരു രൂപവരെയാണ് വില. എന്നാൽ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒന്നാംവാർഡ് ഉൾപ്പെടുന്ന വേണാട്ടുകാട് പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാൽ വെള്ളം വിലയ്ക്കു വാങ്ങാൻ പോലും കിട്ടാറില്ല. ഈ സാഹചര്യത്തിൽ ആറ്റിലെയും, തോട്ടിലെയും വെള്ളമാണ് ഇവിടുത്തുകാർ ഉപയോഗിച്ചിരുന്നത്. എന്നാൽ വേനൽ കനത്ത് ജലാശയങ്ങളിൽ ഉപ്പു നിറഞ്ഞതോടെ ഇവരുടെയും കുടിവെള്ളം മുട്ടി.
ഇപ്പോൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആറുവള്ളങ്ങളിലായി പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതു തികച്ചും അപര്യാപ്തമാണ്. പുളിങ്കുന്നു ഗ്രാമപഞ്ചായത്തിലെ 13, 15 എന്നീ വാർഡുകളായ മങ്കൊന്പ് ചതുർഥ്യാകരി, അറുപതിൽചിറ കോളനി എന്നിവിടങ്ങളിലും കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. നിയമസേവന അഥോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും പന്പിംഗ് നടത്തിയിരുന്നു.
ഇക്കൂട്ടത്തിൽ വ്യാഴാഴ്ചകളിൽ പുളിങ്കുന്നിലേക്കും പന്പിംഗ് നടത്തണമെന്നും ധാരണയായിരുന്നു. കാവാലത്തേയ്ക്കുള്ള പന്പിംഗ് രണ്ടാഴ്ചകൊണ്ട് അവസാനിച്ചെങ്കിൽ, പുളിങ്കുന്നിലേക്ക് പന്പിംഗ് നടന്നതേയില്ല. രണ്ടുവർഷം മുന്പു വാട്ടർ അഥോറിറ്റിയുടെ കണക്കു പ്രകാരം പുളിങ്കുന്നിൽ 84 ടാപ്പുകളാണുണ്ടായിരുന്നത്.
എന്നാൽ നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയതോടെ വാട്ടർ അഥോറിറ്റിയോടു ജോയിന്റ് വെരിഫിക്കേഷൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 14 ടാപ്പുകൾ മാത്രമാണ് വെള്ളമെത്തുന്നതെന്നു കണ്ടെത്തി. അതേസമയം ഒന്നാംവാർഡിന്റെ പരിധിയിൽ വരുന്ന ആറായിരം കായൽ പ്രദേശങ്ങളിൽ ഇതുവരെയും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. പ്രദേശത്തെ കുടുംബങ്ങൾ ഗാർഹികാവശ്യങ്ങൾക്കായി കായലിലെ ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്.