ജയ്സണ് ജോയ്
ആലപ്പുഴ: ജലപ്രളയം സമ്മാനിച്ച ദുരിതങ്ങൾക്കു പിന്നാലെ കുട്ടനാട്ടുകാരെ ചൂഷണം ചെയ്തു വാഹന സർവീസ് സെന്ററുകളും ഇടനിലക്കാരും. വെള്ളംകയറി കേടായ വാഹനങ്ങൾ സൗജന്യമായി ശരിയാക്കിത്തരാം എന്നു പറഞ്ഞു സമീപിക്കുന്ന ഇടനിലക്കാർ വാഹനങ്ങളെക്കുറിച്ചു അജ്ഞരായ വാഹന ഉടമകളെ വാഹനം മൊത്തം കേടായെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു തെറ്റിധരിപ്പിച്ചു നിസാരവിലയ്ക്കു വാഹനം തട്ടിയെടുക്കുകയാണ്.
ഇങ്ങനെ ഇടനിലക്കാർ കൈക്കലാക്കുന്ന വാഹനങ്ങൾ ചെറിയ പണികൾ ചെയ്തു അന്തർസംസ്ഥാന ലോബിക്കു കൂടിയ വിലയ്ക്കു മറിച്ചു വിൽക്കുന്ന സംഘങ്ങൾ കുട്ടനാട്ടിലും മറ്റും വ്യാപകമാകുന്നു. വാഹന സർവീസ് സെന്ററുകളാണ് വേറൊരു ചൂഷകർ. വാഹനഉടമകളായ കുട്ടനാട്ടുകാരുടെ മൊബൈൽ ഫോണുകളിലേക്കു ആദ്യം മെസേജ് അയക്കും. കേടായ നിങ്ങളുടെ വാഹനം കുറഞ്ഞ ചെലവിൽ ഞങ്ങളുടെ സെന്ററുകൾ വഴി ശരിയാക്കൂ. ആകർഷകമായ ഓഫറുകൾ നേടൂ.
തുടങ്ങി വിവിധങ്ങളായ മെസേജുകൾ അയച്ചു വാഹനഉടമകളെ തെറ്റിധരിപ്പിക്കുകയാണ് ആദ്യ നടപടി. ഇത്തരം മെസേജുകളിൽ വിശ്വാസമർപ്പിച്ചു എത്തുന്നവരാണ് ചൂഷണം ചെയ്യപ്പെടുന്നതിൽ അധികവും. വെള്ളംകയറി വീടുകളിൽ കിടക്കുന്ന വാഹനങ്ങൾ സർവീസിംഗ് സെന്ററുകളുടെ റിക്കവറി വാഹനങ്ങളിലാണ് സർവീസിംഗിനായി എത്തിക്കുന്നത്. മുന്പ് വാഹന സർവീസ് സെന്ററുകൾ ഇതു സൗജന്യമായി ചെയ്തു നൽകിയിരുന്നതാണ്. ഇതിനും ഇപ്പോൾ കിലോമീറ്ററുകളും മറ്റും കണക്കാക്കി വൻ തുക ഈടാക്കുകയാണ്.
ഇങ്ങനെ എത്തിക്കുന്ന വാഹനങ്ങളെ മൂന്നായി തരം തിരിക്കുന്നതാണ് അടുത്ത നടപടി. വാഹനങ്ങളുടെ ചക്രങ്ങൾ മാത്രം മൂടി വെള്ളം കയറിയ വാഹനങ്ങൾ എ കാറ്റഗറി വിഭാഗത്തിലും ബോണറ്റു വരെ വെള്ളം കയറി മൂടി വാഹനങ്ങളെ ബി കാറ്റഗറിയായും മുഴുവനായും വെള്ളം കയിറിയ വാഹനങ്ങളെ സി കാറ്റഗറിയായും തരംതിരിക്കും.
ചക്രങ്ങൾ മാത്രം മൂടി വെള്ളം കയറിയ വാഹനങ്ങൾ നന്നാക്കുന്നതിനു 75,000 മുതൽ 10,0000 രൂപവരെയാണ് സർവീസ് സെന്ററുകൽ ഈടാക്കുന്നത്. വാഹനത്തിലെ പ്ലാറ്റ്ഫോം വൃത്തിയാക്കുന്നതുൾപ്പെടെ സെൻസറുകളും ബ്രേക്കു എല്ലാം പരിശോധിക്കുന്നതിനാണ് ഇത്രയും തുകയെന്നാണ് ഇവരുടെ വാദം.
ബി കാറ്റഗറിൽ പെടുത്തുന്ന ബോണറ്റു വരെ മൂടിയ വാഹനം 50,000 രൂപ മുതൽ ഒന്നും രണ്ടും ലക്ഷങ്ങൾ വരെയാണ് സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നത്. ഈ ഗണത്തിൽ ഇൻഷ്വറൻസ് പ്രീമിയം ഇല്ലാത്ത വാഹനത്തിന്റെ കാര്യത്തി്ൽ തുക ഇതിലും വർധിക്കും.
സി കാറ്റഗറിയിൽ പെടുത്തുന്ന വാഹനങ്ങളോടാണ് ചൂഷണം അധികവും ഇത്തരം വാഹനങ്ങൾക്ക് 30-ൽ അധികം സ്പെയർ പാർട്സുകൾ മാറുവാനാണ് സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നത്. ലക്ഷങ്ങളാണ് ഇതിനു ചെലവാകുന്നത്. എന്നാൽ ചില സർവീസ് സെന്റ്റുകൾ ഈ വാഹനങ്ങളെ ടോട്ടൽ ലോസ് (ഉപയോഗ ശൂന്യം) എന്ന ഗണത്തിൽ പെടുത്തി വിൽക്കുവാൻ നിർബന്ധിക്കുകയാണെന്നും വാഹന ഉടമകൾ പറയുന്നു.
വാങ്ങിയിട്ടു അധികനാളാകാത്ത മൂന്നും നാലും ഫ്രീ സർവീസുകളുള്ള വാഹനങ്ങളോടും ഈ നിലപാടുതന്നെയാണ് സർവീസ് സെന്റ്റുകൾക്കുള്ളത്. ടൂവീലറുകളോടു സമീപനത്തിലും സർവീസ് സെന്ററുകൾ ചൂഷണം തുടരുകയാണ്. കുറഞ്ഞതു 10,000 രൂപ മുതലാണ് സർവീസ് സെന്ററുകൾ ഈടാക്കുന്നത്. 1000 രൂപ പോലും ചെലവ് വരാത്തിടത്താണ് ഓരോരോ കാരണങ്ങൽ പറഞ്ഞു സർവീസ് സെന്ററുകൾ വൻ തുക വാങ്ങുന്നതെന്നു വാഹന ഉടമകൾ പറയുന്നു.