തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ ജീവനക്കാരുടെ പരാതിയിൽ ഇഡി അന്വേഷണം തുടങ്ങി. മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർക്കു പുറമേ, തട്ടിപ്പിന് ഇരയായവർക്കും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചുതുടങ്ങിയെന്നാണു വിവരം. അനധികൃത വായ്പ നേടിയെടുത്തവരിലേക്കടക്കം വ്യാപക അന്വേഷണത്തിനാണ് ഇഡി തയാറെടുക്കുന്നത്.
സിപിഎം മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ 32.92 കോടിയുടെ അഴിമതിയിൽ ഒല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഇതു പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നോട്ടീസ് ലഭിച്ചത്.ഒല്ലൂർ പോലീസിൽ നിരവധി പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ കോടതി ഇടപെട്ടാണ് കേസെടുപ്പിച്ചത്.
കേസിന്റെ വ്യാപ്തി വലുതെന്നു വ്യക്തമായതോടെ ക്രൈംബ്രാഞ്ചിനു കൈമാറി. പരാതിക്കാരിൽനിന്ന് മൊഴിയെടുത്തെങ്കിലും തുടർ നടപടികൾ മെല്ലെപ്പോക്കിലായി. ഇതിനിടെയാണ് ഇഡി രംഗത്തെത്തിയത്. തൃശൂർ ജില്ലയിൽ കരുവന്നൂരിനു പുറമേ ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്ന രണ്ടാമത്തെ ബാങ്കാണു കുട്ടനെല്ലൂർ സഹകരണ ബാങ്ക്.
സിപിഎമ്മിലെ മുതിർന്ന നേതാവിന്റെയും കുട്ടനെല്ലൂരിലെ പാർട്ടി നേതാവിന്റെയും ഇടപെടലാണു പോലീസ് നടപടി വൈകിച്ചതെന്നാണ് ആരോപണം. തട്ടിപ്പിലൂടെ വായ്പാ തുകയും പലിശയും അടക്കം 27.32 കോടിയോളം ബാങ്കിനു നഷ്ടമുണ്ടായെന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്. റിക്സണ് പ്രിൻസ്, കെ.ആർ. രാമദാസ്, അന്പിളി സതീശൻ, ജിന്റോ ആന്റണി, ഷീജ ഡെയ്സണ്, ജോണ് വാഴപ്പിള്ളി, കെ.ആർ. സെബി, സി.ആർ. ജയിംസ്, ആശ മനോഹരൻ, ശോഭന ഗോപി എന്നിവരെയാണു പ്രതിചേർത്തത്.
ബാങ്കിന്റെ നിയമാവലിക്കു വിരുദ്ധമായി ബാങ്ക് പരിധിക്കു പുറത്തുള്ളവർക്ക് അംഗത്വം നൽകിയും പരിധിക്കു പുറത്തുള്ളവരുടെ വസ്തുവിന്റെ ഈടിൻമേൽ വായ്പ നൽകിയും ഈടു നൽകിയ വസ്തുവിന് അമിത വില രേഖപ്പെടുത്തിയും വായ്പക്കാരുടെ വ്യാജരേഖ ചമച്ചും കളവായി വായ്പ നൽകിയും ബാങ്കിനു നഷ്ടമുണ്ടാക്കിയെന്നും പോലീസ് എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
32.92 കോടിയുടെ ക്രമക്കേടുണ്ടെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സർക്കാർ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി ഏറ്റെടുത്തവയും പ്രവർത്തനം നിലച്ച ക്വാറികളുംവരെ ബാങ്ക് ഈടായി സ്വീകരിച്ചെന്ന് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടുകൾക്കെതിരേ ഒല്ലൂർ ഏരിയാ കമ്മിറ്റിക്കാണ് ആദ്യം പരാതി നൽകിയത്.
ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. ഇപ്പോഴത്തെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, ഇരിങ്ങാലക്കുടയിൽനിന്നുള്ള പി.കെ. ചന്ദ്രശേഖരൻ എന്നിവർ ജില്ലാക്കമ്മിറ്റിക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും ഈ മേഖലയിലെ രണ്ട് ഉന്നതർക്കെതിരേ നടപടിയെടുത്തിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടപടിയെടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ നൽകിയ ഉറപ്പെങ്കിലും അതും പാഴായി.
ഇതിൽ പ്രതിഷേധിച്ചു 11 ജീവനക്കാർ ഇടതുയൂണിയൻ വിട്ടു. ഇതിൽ ചിലർ തിരിച്ചെത്തി. രണ്ടുപേർ ബിജെപിയിലും ചേർന്നു. നേതാക്കളെ സംരക്ഷിച്ചു ജീവനക്കാരിലേക്ക് ക്രമക്കേടുകളുകളുടെ ഉത്തരവാദിത്വം എത്തിക്കാനാണു നീക്കമെന്നും ജീവനക്കാർ പറയുന്നു. ഭരണസമിതിയെ പുറത്താക്കിയെങ്കിലും കോടതി ഉത്തരവിലൂടെ തിരിച്ചെത്തി. ഇതിനുശേഷം ബാങ്കിലെയും സൂപ്പർമാർക്കറ്റ് അടക്കമുള്ള അനുബന്ധ സ്ഥലങ്ങളിലെയും ശന്പളവും മുടങ്ങിയിരുന്നു.