സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് സ്ഥിരീകരിച്ച ബ്രീട്ടീഷ് പൗരൻ ഇക്കഴിഞ്ഞ എട്ടിന് കുട്ടനെല്ലൂർ പൂരത്തിന് എത്തി നാട്ടുകാർക്കൊപ്പം നൃത്തമാടി. പൂരത്തിന്റെ മേളത്തിനൊപ്പം ചുവടുവച്ച വിദേശിക്കൊപ്പം നാട്ടുകാരിൽ ചിലർ നൃത്തമാടുക മാത്രമല്ല, ആലിംഗനം ചെയ്യുകയും ചെയ്തു.
കോവിഡ് വൈറസ് ബാധിച്ച വിദേശിക്കൊപ്പം ഇടപഴകിയവരെ ആരോഗ്യ വകുപ്പ് തെരയുകയാണ്. കുട്ടനെല്ലൂർ പൂരത്തിന് എത്തും മുൻപ് ഇയാൾ ഉൾപ്പെട്ട സംഘം നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും വന്നിരുന്നു.
എന്നാൽ ഇവർ ക്ഷേത്രത്തിനകത്ത് കടന്നില്ല. ഗോപുരത്തിന് മുന്നിൽ ക്ഷേത്രം കാവൽക്കാരുമായി സംസാരിച്ച് തിരിച്ചുപോവുകയാണുണ്ടായത്.
ഇവർ സംഘം ചേർന്ന് ക്ഷേത്രഗോപുരത്തിന് മുന്നിൽ പതിനഞ്ചു മിനുറ്റോളം ചിലവഴിച്ചു. ഈ സമയം ഇരുപതോളം പേർ ഇവർക്ക് സമീപത്തുകൂടി കടന്നുപോയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് മനസിലാക്കാനായിട്ടുണ്ട്.
നഗരത്തിൽ വേറെ എവിടെയൊക്കെയാണ് പൂരമോ ഉത്സവമോ ഉള്ളതെന്ന് പാറമേക്കാവിലെ സെക്യൂരിറ്റിക്കാരോട് ചോദിച്ചപ്പോഴാണ് കുട്ടനെല്ലൂരിൽ പൂരമുണ്ടെന്ന് ഇവർ മനസിലാക്കിയതും തുടർന്ന് അങ്ങോട്ടു പോയതും.
കുട്ടനെല്ലൂരിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ മേളം നടക്കുന്പോഴാണ് ഇവർ എത്തിയത്. മേളം ആസ്വദിച്ച ഇവർ നാട്ടുകാർക്കൊപ്പം സെൽഫിയുമെടുത്തു.
വിദേശികൾ മേളത്തിനൊപ്പം കൈകളുയർത്തി ആസ്വദിക്കുന്ന വീഡിയോ വാട്സാപ്പിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
മേളം ആസ്വദിക്കാനും പൂരം കാണാനും നിരവധി പേരെത്തിയിരുന്നു. ഇതിൽ ആരെല്ലാമായി ഇവർ അടുത്തിടപഴകിയെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇത് കണ്ടെത്താനുള്ള തീവ്രശ്രമം ആരംഭിച്ചു കഴിഞ്ഞു.
കഴിയാവുന്നിടത്തോളം ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്.ഈ വിദേശികളുമായി സന്പർക്കം പുലർത്തിയവരോ അവരുമായി അടുത്തിടപഴകിയവരോ ഉണ്ടെങ്കിൽ അടിയന്തരമായി കോവിഡ് കണ്ട്രോൾ റൂമിലെ ഫോണ് നന്പറിൽ ബന്ധപ്പെടണം.
കുട്ടനെല്ലൂരിൽ പൂരത്തിനെത്തിയ വിദേശികളുടെ സംഘവുമായി നിരവധി പേർ അടുത്തിടപഴകിയെന്ന് വ്യക്തമാണ്. പലരും സെൽഫി ഫോട്ടോകളും ടിക് ടോക്കുമൊക്കെ അന്ന് വാട്സാപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.
തൃശൂരിൽ അതിരപ്പിള്ളിയിലും ചെറുതുരുത്തിയിലും ബ്രിട്ടീഷ് പൗരനും സംഘവും സന്ദർശനം നടത്തിയതായി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഇയാൾ താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് ജില്ല ഭരണകൂടം വിവരം അറിഞ്ഞ ഉടനെ അടപ്പിച്ചിരുന്നു. റിസോർട്ട് ജീവനക്കാരും താമസക്കാരുമടക്കം അറുപതോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതിരപ്പിള്ളിയിലെത്തിയ സംഘം അവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. പരിയാരം പൂവ്വത്തിങ്കലിലുള്ള ബാർ ഹോട്ടലും ആരോഗ്യവകുപ്പ് അടപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് അടപ്പിച്ചത്.