തൃശൂർ: ആ തുള്ളിച്ചാടിയ സായിപ്പിനാണോ കൊറോണ.., അതോ മദാമ്മയ്ക്കോ..?!
കുട്ടനെല്ലൂർ പൂരത്തിനെത്തിയിരുന്ന വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നറിഞ്ഞപ്പോൾ പൂരം കൂടാനുണ്ടായിരുന്ന കുട്ടനെല്ലൂർ ഭാഗത്തെ പലരും അന്പരപ്പോടെ ചോദിച്ച ചോദ്യമാണിത്.
കുട്ടനെല്ലൂർ പൂരത്തിന് പൂരപ്പറന്പിൽ വിദേശി അലഞ്ഞുതിരിഞ്ഞപ്പോൾ കൂടെ ചേർന്നവരും സെൽഫിയെടുത്തവരും നൃത്തമാടിയവരുമെല്ലാം ഇപ്പോൾ ആശങ്കയുടെ പൂരത്തിലാണ്.
ശരിക്കു പറഞ്ഞാൽ പൂരത്തിനെത്തിയ വിദേശി കുട്ടനെല്ലൂരുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. പൂരപ്പറന്പിൽ ആരെല്ലാം ഈ വിദേശികളുമായി ഇടപഴകിയെന്ന് ഇപ്പോഴും വ്യക്തമല്ല.
പൂരപ്പറന്പിന്റെ റൂട്ട് മാപ്പിൽ ആയിരക്കണക്കിന് പൂരപ്രേമികളുണ്ട്. പൂരത്തിനെത്തിയ വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൂരം കാണാൻ കുട്ടനെല്ലൂരിന് പുറത്തു നിന്നെത്തിയവരും ആശങ്കയിലാണ്.
പലരും കണ്ട്രോൾ റൂമിലേക്ക് വിളിച്ച് വിവരങ്ങൾ തിരക്കുകയും സംശയദുരീകരണം നടത്തുകയും ചെയ്യുന്നുണ്ട്.
ആരോഗ്യവകുപ്പ് ഇന്നേവരെ ചെയ്തിട്ടില്ലാത്ത വിധം തീവ്രശ്രമമാണ് കുട്ടനെല്ലൂരിൽ സ്ഥിതി കൈവിട്ടുപോകാതിരിക്കാൻ നടത്തുന്നത്.
കുട്ടനെല്ലൂരിൽ ആളുകൾ പേടിച്ച് വീടിന് പുറത്തിറങ്ങാത്ത സ്ഥിതിയുണ്ട്. ഒരു കണക്കിന് ഇത് നല്ലതാണെന്നും ആളുകൾ വീട്ടിനകത്തുതന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് പറയുന്നു.
എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ ഉടൻ കോവിഡ് കണ്ട്രോൾ റൂമിലെ ഫോണ് നന്പറിൽ ബന്ധപ്പെടണമെന്നും ഒരിക്കലും നേരിട്ട് ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.