കൊല്ലം: ഒരേസിനിമയിലൂടെ അച്ഛന്റേയും മകന്റേയും സിനിമാ അരങ്ങേറ്റം നാട്ടുകാർക്കും അഭിമാനമായി. ആദിച്ചനല്ലൂർ പ്ലാക്കാട് പ്രശാന്തിയിൽ പിങ്കു, മകൻ അർജുൻ(എട്ട്്) എന്നിവരാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ തകർപ്പൻ അഭിനയം കാഴ്ചവച്ചത്.
തീയേറ്ററുകളിൽ ചിത്രം വിജയംനേടി പ്രദർശനം നടക്കുന്പോൾ പ്ലാക്കാട് ഗ്രാമത്തിനും അഭിമാനമേറെയാണ്. സുരാജിന്റെ അളിയനായി വേഷമിട്ട പിങ്കു ചിത്രത്തിലുടനീളം തന്റെ സാന്നിധ്യം അറിയിക്കുന്നു.
യുഎഇയിൽ അബുദാബിയിലെ ഒരു കന്പനിയിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന പിങ്കു സ്കൂൾ പഠനകാലം മുതൽ അഭിനയകലയോട് താൽപര്യമുള്ള കലാകാരനായിരുന്നു.
ജോലി തേടി ഗൾഫിലെത്തിയപ്പോഴും കലയോടുള്ള താൽപര്യത്തിന് ഒട്ടും കുറവ് വന്നില്ല. അബുദാബിയിലെ സാംസ്കാരിക സദസുകളിലും കൂട്ടായ്മകളിലും അഭിനയിക്കാനുള്ള അവസരം പിങ്കുവിനെത്തേടി എത്തുകയായിരുന്നു. അവിടത്തെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റാൻ ഈ കലാകാരന് കഴിഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ ജീൻമാർക്കോസ് തന്റെ പുതിയ ചിത്രത്തിന് പുതുമുഖങ്ങളെ തേടി ദുബായിയിൽ എത്തിയതും ഓഡിഷനിൽ പങ്കെടുത്തതും തെരഞ്ഞെടുക്കപ്പെട്ടതും ഭാഗ്യമായി പിങ്കു കരുതുന്നു. കൂടാതെ മകനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും അപൂർവ ഭാഗ്യമായാണ് കരുതുന്നത്.
പാലക്കാട് മങ്കരയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് കാണാനാണ് മകനേയും കൂട്ടിയത്. ഇതെല്ലാം കണ്ട് മകൻ അർജുൻ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. സംവിധായകൻ യെസ് പറഞ്ഞതോടെ അതൊരു പുതിയ വഴിത്തിരിവായി അർജുന്. പ്രതീക്ഷിച്ചതിലും അർജുൻ അഭിനയത്തിൽ മികവ് പുലർത്തുകയും ചെയ്തു.
ഇപ്പോൾ സിനിമ വൻവിജയം നേടി മുന്നേറുന്പോൾ പിങ്കുവിവും കുടുംബത്തിനുമൊപ്പം നാട്ടുകാരും ആഹ്ലാദത്തിലാണ്.