കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ വിചാരണ കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ഇന്നു കുറ്റപത്രം കൈമാറും. അന്വേഷണ സംഘം കഴിഞ്ഞ 22ന് സമർപ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന പൂർത്തിയാക്കി ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടികളുടെ ഭാഗമായാണു പ്രതികൾക്കു കുറ്റപത്രം കൈമാറുന്നത്. മൂന്നു പ്രതികളൊഴികെ ബാക്കിയെല്ലാവരും ഇന്നു കുറ്റപത്രം കൈപ്പറ്റുമെന്നാണു വിവരം. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് നേരത്തെതന്നെ കുറ്റപത്രം കൈപ്പറ്റിയിരുന്നു. അഭിഭാഷകനൊപ്പമെത്തിയാണു നടൻ കുറ്റപത്രം കൈപ്പറ്റിയിരുന്നത്.
കേസിൽ അവസാന പ്രതികളും ജാമ്യത്തിൽ കഴിയുന്നവരുമായ രണ്ട് അഭിഭാഷകരും ഇന്ന് എത്തില്ലെന്നാണു വിവരം. വിവിധ ജയിലുകളിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി സുനിൽ കുമാർ(പൾസർ സുണി) അടക്കമുള്ള പ്രതികൾ കുറ്റപത്രം കൈപ്പറ്റും. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സുനി അടക്കമുള്ള പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഈ സമയമാകും കുറ്റപത്രം നൽകുക. പ്രതികൾക്കു കുറ്റപത്രം നൽകുന്നതോടെ കേസിന്റെ തുടർ നടപടികൾ ഇനി എറണാകുളം സെഷൻസ് കോടതിയിലാകും നടക്കുക. ഇതിനുള്ള നടപടികൾ അങ്കമാലി കോടതി സ്വീകരിച്ചതായാണു വിവരം.
പ്രതികൾക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതിനാലാണു വിചാരണ നടപടികൾ സെഷൻസ് കോടതിയിലേക്കു മാറ്റുന്നത്. കഴിഞ്ഞ 22നാണ് 1452 പേജു വരുന്ന കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ദിവസങ്ങൾനീണ്ടുനിന്ന സൂക്ഷ്മ പരിശോധനക്കുശേഷം സാങ്കേതിക പിഴവുകൾ പരിഹരിച്ച് ഈ മാസം ആദ്യമാണു കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. നടി മഞ്ജു വാര്യർ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നു അന്പതോളംപേർ കേസിൽ സാക്ഷികളാണ്.