കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റത്ത് ഷാജു-സിലി ദമ്പതിമാരുടെ മകള്‍ ആല്ഫൈന് കൊല്ലപ്പെട്ട കേസിലാണ് ഇന്ന് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
134 സാക്ഷികളും 140 രേഖകളും സഹിതമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജോളി ജോസഫിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രത്തില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് മറ്റുള്ള പ്രതികള്‍.
ശാസ്ത്രീയ, സാഹചര്യതെളിവുകള്‍ പരമാവധി അന്വേഷണസംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം തേടിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മറ്റു പ്രതികള്‍ക്ക് കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കുറ്റപത്രത്തില്‍ പിന്നീട് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തും.
2014 മേയ് ഒന്നിനാണ് ആല്ഫൈന് കൊല്ലപ്പെട്ടത്. സിലിയുടെ മകന്റെ ആദ്യ കുര്‍ബാന ദിവസം പുലിക്കയത്തെ വീട്ടില്‍വെച്ചായിരുന്നു ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിന്റെ സഹോദരിയുടെ കയ്യില്‍ ഇറച്ചിക്കറിയില്‍ മുക്കിയ ബ്രെഡ് നല്‍കിയായിരുന്നു ജോളി കൃത്യം നിര്‍വഹിച്ചത്.
ആല്ഫൈന് സയനൈഡ് ഉള്ളില്‍ ചെന്ന് അവശനിലയിലായ ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളേയും ചികിത്സിച്ച ഡോക്ടറേയുമാണ് സാക്ഷികളാക്കിയത്. സിലിയുടെ പിതാവ് ദേവസ്യ, അമ്മ ലീലാമ്മ, സഹോദരി സ്മിത, ഭര്‍ത്താവ് ജോണ്സണ് എന്നിവരുടെ മൊഴി അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു.
തിരുവമ്പാടി ഇന്‍സ്പക്ടര്‍ ഷാജു ജോസഫാണ് കേസ് അന്വേഷിച്ചത്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ്തോമസ്, സിലി വധക്കേസുകളില്‍ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.