പൈക: സ്വത്ത് തർക്കത്തച്ചൊല്ലി ജ്യേഷ്ഠനെ കൊലപ്പെടുത്തിയയാളെ കോടതി റിമാൻഡ് ചെയ്തു. ഇടമറ്റം ഓമശേരിൽ കുട്ടപ്പൻ (78) ആണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ സഹോദരൻ വിളക്കുമാടം ഓമശേരിൽ മോഹനൻ (55) നെയാണ് റിമാൻഡ് ചെയ്തത്.
ഇന്നലെ രാവിലെ 9.30ന് മോഹനനന്റെ വീടിന്റെ പരിസരത്തായിരുന്നു സംഭവം. ലോട്ടറി തൊഴിലാളിയും കാൻസർ രോഗിയുമായ മോഹനൻ തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടത്തെ സ്ഥലം വീതംവയ്ക്കുന്നത് സംബന്ധിച്ച് കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു.
പൈക വാഴമറ്റം ഭാഗത്താണു കുട്ടപ്പന്റെ താമസം. ആറു മാസം മുന്പ് മോഹനന്റെ സ്കൂട്ടർ കുട്ടപ്പൻ തീവച്ച് നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസ് നിലനിന്നിരുന്നു. ആഴ്ചകൾക്ക് മുന്പ് മോഹനന്റെ പട്ടിയെ കുട്ടപ്പൻ വെട്ടിക്കൊന്നിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
തറവാടിനോട് ചേർന്നുള്ള കുറച്ചുസ്ഥലത്ത് കുട്ടപ്പനും കൃഷി ചെയ്തിരുന്നു. കൃഷി നോക്കാനെത്തിയപ്പോഴാണ് സഹോദരനുമായി സംഘർഷമുണ്ടായത്. കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി അക്രമിക്കാൻ കുട്ടപ്പൻ ശ്രമിച്ചപ്പോൾ മോഹനൻ കല്ലിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലയിലും നെഞ്ചിലും കല്ലുകൊണ്ട് ഗുരുതരമായി പരുക്കേറ്റ കുട്ടപ്പൻ താഴെവീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് മോഹനനും വീട്ടുകാരുമാണ് ആംബുലൻസ് വിളിച്ചുവരുത്തി കുട്ടപ്പനെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്.
മോഹനന്റെ മകനാണ് കുട്ടപ്പനെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുന്പേ മരണം സംഭവിച്ചിരുന്നു. തുടർന്ന് മോഹനനെയും മകനെയും കാണാതായിരുന്നു. പിന്നീട് മോഹനനെ പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
മരിച്ച കുട്ടപ്പന്റെ ഭാര്യ മണിയമ്മ ചെങ്ങന്നൂർ കളത്തറയിൽ കുടുംബാഗം. മക്കൾ: മനോജ് (സൗദി), രാജി. മരുമക്കൾ: ബിന്ദു ഉറുകുഴിയിൽ (വള്ളിച്ചിറ), ഷിബു പുളിക്കൽ (കൊണ്ടൂർ).