അടവി (കോന്നി): അവധിക്കാലമായതോടെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചി സവാരിക്ക് സഞ്ചാരികളേറുന്നു. അവധി ദിനങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ യാത്രയും പരിമിതപ്പെടുത്തി.
കേന്ദ്രത്തിൽ ഹ്രസ്വദൂരം, ദീർഘദൂരം കുട്ടവഞ്ചി സവാരികൾ ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിൽ ഹ്രസ്വദൂര സഞ്ചാരത്തിനു മാത്രമാണ് അവസരമുള്ളത്. വെള്ളമില്ലാത്തതിനാൽ അധികം താഴേക്ക് ആളുകളെ വിടുന്നില്ല.400 രൂപയ്ക്ക് 30 മിനിട്ട് കുട്ടവഞ്ചിയിൽ കാടിന്റെ സൗന്ദര്യം തൊട്ടും കണ്ടുമറിഞ്ഞ് യാത്ര ചെയ്യാനുള്ള അവസരമാണുള്ളത്.
നദിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ചാക്കിൽ മണൽ നിറച്ച് വെള്ളം കെട്ടി നിർത്താനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. 800 രൂപയാണ് ദീർഘദൂര സർവീസിന്. സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ അടിസ്ഥാന സൗകര്യവികസനത്തിന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വികസനപ്രവർത്തനങ്ങളിൽ തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീട് നിലച്ചു.
അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പാർക്കിംഗ് അടക്കമുള്ള സംവിധാനം വിപുലീകരിച്ചിട്ടില്ല.വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടിലേക്കിറങ്ങുന്ന വഴിയും കുണ്ടും കുഴിയും നിറഞ്ഞാണി രിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ചെറിയ വാഹനങ്ങളുടെയും മറ്റും താഴ്ഭാഗം കല്ലിലും മൺതിട്ടയിലും ഇടിച്ച് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.
ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്ക് ഭക്ഷണക്രമീകരണത്തിന് നിലവിൽ കുടുംബശ്രീയുടെ ചെറിയോരു സ്റ്റാൾ മാത്രമാണുള്ളത്. പ്രാഥമിക സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും പരിമിതമാണ്. തിരക്ക് വർധിച്ചതോടെ ആളുകൾ ക്യൂ നിന്നാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്.