മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് അർഹരായ നിരവധി പേർ പുറത്തായ സംഭവത്തിലും ക്ഷേമ പെൻഷൻ ലിസ്റ്റിൽ നിന്ന് വർഷങ്ങളായി പെൻഷൻ വാങ്ങിയവരടക്കം പുറത്തായ സം ഭവത്തിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്യത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ ഏകദിന കുറ്റവിചാരണസദസിന് തുടക്കമായി.
രണ്ട് വർഷത്തെ പഞ്ചായത്ത് ഭരണം മൂലം പഞ്ചായത്തിലെ ജനങ്ങൾക്ക് യാതൊരു നേട്ടവുമുണ്ടായില്ലന്ന് മാത്രമല്ല യുഡിഎഫിന്റെ വർഷങ്ങളായുള്ള നേട്ടങ്ങൾ അട്ടിമറിക്കുക കൂടി ചെയ്തതായും യുഡിഎഫ് ആരോപിച്ചു. സാധാരണക്കാർക്ക് യുഡിഎഫ് സർക്കാർ സർവസാധാരണമാക്കി 40 ലക്ഷം പേർക്ക് നൽകിയ പെൻഷൻ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് എൽഡിഎഫ് സർക്കാർ നിരവധി പേർക്ക് നിഷേധിക്കുകയായിരുന്നു എന്നും യുഡിഎഫ് ആരോപിച്ചു.
സമരം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ്, പി.പി.സഫറുള്ള, കെ.ടി.മൻസൂർ ,കെ.പി.അബ്ദുറഹിമാൻ, സി.ജെ.ആന്ററണി, കെ.വി.അബ്ദുറഹിമാൻ, സുജ ടോം എന്നിവര്‍ പ്രസംഗിച്ചു.