കോട്ടയം: നവകേരള സദസില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ കഴിഞ്ഞോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആര് ആര്‍ക്ക് എന്താണ് ചെയ്തതെന്ന് ഒരു പിടിയുമില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചുമൂടാനുള്ള യാത്രയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത്. അതിന് ഭാവിയില്‍ യുഡിഎഫ് പിണറായി വിജയനോട് നന്ദി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവു പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെതിരേ യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയില്‍ നടത്തിയ കുറ്റവിചാരണസദസ് ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളസദസിന്റെ സമയത്ത് നാല് നെല്‍ക്കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
പാലായിലെ പരിപാടിയില്‍ റബറിന്റെ കാര്യം പറയാന്‍ ശ്രമിച്ച തോമസ് ചാഴികാടന് എംപിയെ അതിനു സമ്മതിക്കാതെ വായടപ്പിച്ചു. സകല രംഗങ്ങളിലും അഴിമതി അരങ്ങുവാഴുകയാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി ബിജെപിയും സിപിഎമ്മും ധാരണയില്‍ മുന്നേറുകയാണെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.
എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി. തന്നെ വാഴ്ത്തിപ്പാടിയതിന് മന്ത്രി വി.എന്‍. വാസവന് മുഖ്യമന്ത്രി നല്കിയ സമ്മാനമാണ് അദാനിയുടെ വിഴിഞ്ഞം ഉള്‍പ്പെടുന്ന തുറമുഖവകുപ്പെന്ന് പ്രേമചന്ദ്രന് പരിഹസിച്ചു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മത്സരിച്ച് പിണറായി സ്തുതി പാടുക എന്നതായിരുന്നു നവകേരളസദസില്‍ മന്ത്രിമാരുടെ ദൗത്യമെന്നും പ്രേമചന്ദ്രന് കുറ്റപ്പെടുത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, നേതാക്കളായ കെ.സി. ജോസഫ്, രാജന് ബാബു, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, ഫില്‍സന്‍ മാത്യൂസ്, സജി മഞ്ഞക്കടമ്പില്‍, പി.എ. സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരളസദസ് കോട്ടയം ജില്ലയിലെത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്ക് യോഗത്തില്‍ സ്വീകരണവും നല്കി.