കുമരകം: സന്നദ്ധ സംഘടനയുടെ ദുരിതാശ്വസ കൂപ്പണ്‍ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയം കൂട്ടയടിയിലും വീടിനു നേരേയുള്ള കല്ലേറിലും കലാശിച്ചു. മൂന്നു സംഭവങ്ങളിലായി പത്തു പേർക്കെതിരേ കുമരകം പോലീസ് കേസടുത്തു. കുമരകം ചൂളഭാഗത്താണ് സംഭവത്തിന് തുടക്കം.
സന്നദ്ധ സംഘടനയുടെ ദുരിതാശ്വാസ കിറ്റ് വിതരണത്തിന് കുമരകത്തെ രണ്ടും മൂന്നും വാർഡുകളിൽ കൂപ്പണ്‍ വിതരണം ചെയ്തിരുന്നു. ഇതിലെ അപാകത ചൂണ്ടിക്കാട്ടി ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതു ചോദ്യം ചെയ്ത് തർക്കമാവുകയും സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതായിരുന്നു തുടക്കം.
പിറ്റേന്നു രാത്രി ചൂളഭാഗത്ത് സുധീർ എന്നയാളുടെ വീടിനു നേരേ കല്ലേറുണ്ടായി. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരേ കേസെടുത്തു. അന്നു തന്നെ മനോജ് എന്നയാളുടെ വീടിനു നേരേയും കല്ലേറുണ്ടായി. ഈ സംഭവത്തിലും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരേ കേസെടുത്തു.
മനോജിന്റെ ഗർഭിണിയായ ഭാര്യയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നുമുള്ള പരാതിയിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാത്ത വകുപ്പു ചുമത്തി മൂന്നു പേർക്കെതിരേയാണ് കേസ്.