വൈപ്പിൻ : ഭാര്യയെ ആണ്‍വേഷം കെട്ടിച്ച് ഒപ്പം കൂട്ടി ചെറായിലെ പെട്രോൾ പന്പ് ഓഫീസ് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 12,000 രൂപയുടെ മൊബൈൽഫോണും കവർന്ന 22കാരൻ റിയാദ് നിരവധി മോഷണക്കേസുകളിലെ പ്രതി.
അന്തർജില്ലാ മോഷ്ടാവായ ഇയാൾ 22 വയസിനിടയിൽ ഒരു പീഡനക്കേസ് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്. റിയാസിന് പ്രായപൂർത്തി യാകുന്നതിനു മുന്നേ മുതൽ കേസുകളുണ്ടത്രേ.
കേസുകൾ എല്ലാം തന്നെ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പകൽ ആശുപത്രികളിലും മറ്റും ക്ലീനിംഗ് പണികളുമായി കഴിഞ്ഞുകൂടും. രാത്രിയിലാണ് മോഷണം.
പെട്രോൾ പന്പുകളാണ് പയ്യൻസിന്റെ ഒരു വീക്ക്നസ്. പിന്നെ കാറ്, ബൈക്ക് എന്നിവയും അടിച്ചുമാറ്റാൻ ഈ യുവതസ്കരൻ മിടുക്കനാണ്. വാതിലിന്റെ പൂട്ട് കുത്തിത്തുറക്കാൻ ഒരു സ്ക്രൂഡ്രൈവർ തന്നെ ധാരാളം.
ഒരു കേസിൽ ശിക്ഷകഴിഞ്ഞ് നാലുമാസം മുന്‍പ് ജയിലിൽ നിന്ന് ഇറങ്ങിയതാണ്.
ഇതിനുശേഷമാണ് പേരാമംഗലം , കുന്ദംകുളം, ചെറായി എന്നിവടങ്ങളിലെ പെട്രോൾ പന്പുകളിൽ നിന്നും മൊത്തം 4.47 ലക്ഷം മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ മെയ് 26നായിരുന്നു ആദ്യത്തെ രണ്ട് മോഷണം നടന്നത്. ചെറായി ദേവസ്വം നടയിൽ രംഭ ഫ്യൂവൽസിൽ മോഷണം നടത്തിയത് ഈ മാസം ഒന്‍പതിനായിരുന്നു.
രണ്ട് കേസുകളിലെയും പ്രതി ഒരാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെയാണ് റിയാദ് പിടിയിലായത്.