തിരുവനന്തപുരം: ക്രിക്കറ്റ് അസോസിയേഷന്റെ വല്യേട്ടൻ മനോഭാവം മൂലം സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളായ സ്കൂൾ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകുന്നു.
കേരളാ സ്പോർട്സ് കൗണ്‍സിലിൽ ക്രിക്കറ്റ് അസോസിയേഷൻ അഫിലിയേഷൻ ചെയ്യാൻ തയാറാകാതെ വരുന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്പോൾ ലഭിക്കേണ്ട ഗ്രേസ് മാർക്ക് സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് നഷ്ടമാകുന്നത്.
സ്പോർട്സ് കൗണ്‍സിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകൾ നടത്തുന്ന സംസ്ഥാന ,ദേശീയ ടൂർണമെന്റിലെ വിജയികൾക്ക് ഗ്രേസ് മാർക്ക് നല്‍കുന്നുണ്ട്.
സംസ്ഥാന തലത്തിൽ വിജയികൾക്ക് അഞ്ച്, നാല്, രണ്ട് എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക. ദേശീയ തലത്തിൽ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിലെത്തിയാൽ 15, 13, 11 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക.
ദേശീയ തലത്തിൽ മത്സരത്തിൽ പങ്കാളികളായാൽ തന്നെ 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉപരിപഠനത്തിന് ഉൾപ്പെടെ പ്രവേശനം നേടുന്പോൾ ഗ്രേസ് മാർക്ക് വിദ്യാർഥികൾക്ക് ഏറെ സഹായകരമാകാറുണ്ട്.
സംസ്ഥാനത്തെ എല്ലാ പ്രധാന കായിക വിഭാഗങ്ങളും സ്പോർട്സ് കൗണ്‍സിലിൽ അഫിലിയേഷൻ എടുത്തതു മൂലം ആ അസോസിയേഷനുകൾ നടത്തുന്ന സംസ്ഥാന, ദേശീയ തല മത്സരങ്ങളിലെ വിജയികളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാറുമുണ്ട്. സംസ്ഥാനത്ത് ഗ്രേസ് മാർക്ക് ലഭിക്കാത്ത അസോസിയേഷനുകളിൽ പ്രധാനപ്പെട്ടതാണ് ക്രിക്കറ്റ് അസോസിയേഷൻ.
സ്പോർട്സ് കൗണ്‍സിലിൽ നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ അഫിലിയേഷൻ എടുത്തിട്ടില്ലെന്നും അഫിലിയേഷൻ എടുക്കണമെന്ന ആവശ്യം സ്പോർട്സ കൗണ്‍സിൽ തന്നെ മുന്നോട്ടുവച്ചതാണെന്നും സ്പോർസ് കൗണ്‍സിൽ അധികൃതർ വ്യക്തമാക്കി.
എന്നാൽ, സ്പോർട്സ് കൗണ്‍സിലിൽ അഫിലിയേഷൻ എടുക്കുന്നതിനു ക്രിക്കറ്റ് അസോസിയേഷൻ അധികൃതർക്ക് താത്പര്യമില്ലാത്തതിനു കാരണം ഇവരുടെ സാന്പത്തികമായ ശക്തിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ക്രിക്കറ്റ് അസോസിയേഷൻ സ്പോർട്സ് കൗണ്‍സിലിൽ അഫിലിയേഷൻ എടുത്താൽ വിദ്യാർഥികളായ കായികതാരങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നതു വസ്തുതയാണ്.
തോമസ് വർഗീസ്