കോട്ടയം: കോട്ടയത്ത് രണ്ടു കേസുകൾ തെളിയിച്ച ത്രില്ലിലാണ് കുട്ടി ഡിറ്റക്ടീവുകൾ. പോലീസിൽ പരാതി നൽകിയാൽ ഉണ്ടാകാവുന്ന നൂലാമാലകൾ എത്രത്തോളമെന്നു ജനങ്ങൾക്ക് ബോധ്യമുണ്ട് എന്നു തെളിയിക്കുന്നതാണ് രണ്ടു കേസുകളും.ആദ്യത്തെ സംഭവത്തിൽ ഡിറ്റക്ടീവിന്റെ വേഷണിഞ്ഞത് അറുത്തൂട്ടിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പണിക്കെത്തിയ കട്ടപ്പനയിലെ അഞ്ചു ചെറുപ്പക്കാരാണ്.
പണിക്കിടെ ഇവരിൽ ഒരാളുടെ പതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണ് ആരോ അടിച്ചുമാറ്റി. പോലീസിൽ പരാതി നല്കിയാൽ ഫോണ് ഉടനെയെങ്ങും കിട്ടില്ല. പോരാത്തതിന് കട്ടപ്പനക്കാർ കേസുകാര്യങ്ങൾക്ക് കോട്ടയത്തു വന്നുപോകണം. ഇതെല്ലാം ഓർത്തപ്പോൾ സ്വയം ഒരന്വേഷണത്തിന് തയാറായി. ഇവർ പണിചെയ്യുന്ന വീടിന്റെ എതിർവശത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ആദ്യം പരിശോധിച്ചു.
സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് പകർന്നു. അതുവച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ ഫോണ് കള്ളനെ ഇവർ പൊക്കി.അതിരന്പുഴ സ്വദേശിയുടെ എടിഎം കാർഡ് മോഷ്ടിച്ച കേസിലും യുവാവ് സ്വയം ഡിറ്റക്ടീവ് വേഷമണിയുകയായിരുന്നു. പോലീസിൽ പരാതി നല്കിയതിനു പിന്നാലെ സ്വയം നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
പണം പിൻവലിക്കാൻ എടിഎമ്മിലെത്തുന്ന ദൃശ്യമാണ് ലഭിച്ചത്. പിറ്റേന്ന് പത്രവാർത്തകൾ വന്നതോടെ എടിഎം കാർഡ് മോഷ്ടിച്ചയാൾക്ക് മാനസാന്തരമുണ്ടായി.കളഞ്ഞു കിട്ടിയെന്ന നിലയിൽ കാർഡ് ഉൾപ്പെടെയുള്ള പഴ്സ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി തടിതപ്പാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് എടിഎം കാർഡിന്റെ ഉടമയെ വിളിച്ചു വരുത്തിയതോടെ കള്ളി പൊളിഞ്ഞു.
കളഞ്ഞു കിട്ടിയതാണെന്ന നിലപാടിൽ ഉറച്ചു നിന്നയാൾക്ക് എടിഎം കൗണ്ടറിലെത്തിയ സിസിടിവി ദൃശ്യങ്ങൾ കാണിച്ചതോടെ പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ കാലുപിടിച്ച് ക്ഷമ ചോദിച്ചതോടെ യുവാവ് പരാതി പിൻവലിച്ച് മാപ്പു നല്കി.