കോട്ടയം: റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും. അവധിക്കാലമായതോടെ പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർഥികളാണു ബൈക്കും കാറുകളുമായി നിരത്തിലിറങ്ങുന്നത്. പലരുടെയും വാഹനത്തിനു പോലീസോ മോട്ടോർ വാഹന വകുപ്പ് അധികൃതരോ കൈ കാണിച്ചാൽ നിർത്താതെ അമിത വേഗത്തിൽ പായുകയാണു ചെയ്യുന്നത്. ഇതു പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്താൻ കാരണമാകും.
വാഹന പരിശോധനയിൽ കുടുങ്ങുമെന്നു കണ്ടാൽ പോക്കറ്റ് റോഡിലൂടെ റൂട്ട് മാറി സഞ്ചരിച്ചാണ് കുട്ടി ഡ്രൈവർമാർ രക്ഷപ്പെടുന്നത്. എന്നാൽ പരിചയമില്ലാത്ത വഴികളിലൂടെ വേഗത്തിൽ പായുന്നതു അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
ലൈസൻസില്ലാതെയും ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്ന യുവാക്കൾക്കെതിരെയും ജനശ്രദ്ധ പിടിച്ചുപറ്റാൻ ബൈക്കുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 500 രൂപ പിഴ ചുമത്തും. വാഹന ഉടമയ്ക്കെതിരെ കേസെടുത്തു പിഴയീടാക്കും. പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്തവർ വാഹനം ഉപയോഗിച്ച് അപകടമുണ്ടാക്കിയാലും വാഹന ഉടമയ്ക്കെതിരെയാകും കേസെടുക്കുകയെന്നും അധികൃതർ പറഞ്ഞു.
കടയിലേക്കും മറ്റും പോകാനാണെന്നു പറഞ്ഞ് ബൈക്ക് എടുത്തു വീടിനു പുറത്തിറങ്ങുന്ന ഇവർ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലൂടെ കറങ്ങുന്നതാണ് പതിവ്. ലൈസൻസ് ഇല്ലെന്നു മാത്രമല്ല, ഹെൽമറ്റ് പോലും ധരിക്കാതെയാണ് ഇവരുടെ അഭ്യാസങ്ങൾ.
പലപ്പോഴും ഒരു ബൈക്കിൽ മൂന്നുപേർ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.