കറുകച്ചാൽ: ബൈക്കും സൈക്കിളും കണ്ടാൽ പൊക്കുന്ന കൗമാര സംഘത്തെ കറുകച്ചാൽ പോലീസ് കുടുക്കി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തില്ല. മേലിൽ ആവർത്തിച്ചാൽ കേസാകുമെന്നു വിരട്ടി വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നതാണ് കൗമാര സംഘത്തെ കുടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് നെടുംകുന്നം മഠത്തുംപടി പടിഞ്ഞാറേപ്രക്കാട്ട് ജോബിൻ തോമസിന്റെ ബൈക്ക് മോഷണം പോയത്.
ഉടൻ തന്നെ ജോബിൻ കറുകച്ചാൽ പോലീസിൽ പരാതി നൽകി. ഇതോടൊപ്പം ജോബിനും സൂഹൃത്തുക്കളും ചേർന്ന് അന്വേഷണം തുടങ്ങി അങ്ങനെയാണ് പുതുപ്പള്ളിപ്പടവ് ഭാഗത്തു കൂടി ജോബിന്റെ ബൈക്കിൽ രണ്ടു പേർ സഞ്ചരിക്കുന്നത് കണ്ടത്. ജോബിന്റെ സുഹൃത്തുക്കൾ ഇവരെ പിടിച്ചു നിർത്തിയശേഷം കാര്യം തിരക്കി. ബൈക്ക് ചങ്ങനാശേരി സ്വദേശിയിൽ നിന്നും 500 രൂപ വാടകയ്ക്ക് എടുത്തതാണെന്നാണ് ബൈക്കിൽ യാത്രചെയ്തവർ പറഞ്ഞത്. ഉടൻ തന്നെ ഇവരെ പിടികൂടി കറുകച്ചാൽ പോലീസിൽ ഏൽപിച്ചു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. പണത്തിന് ആവശ്യമുള്ളപ്പോൾ സൈക്കിളുകൾ മോഷ്ടിച്ചിരുന്നതായും ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇതോടെ തെളിഞ്ഞത് ഒരു മാസത്തോളമായി നെടുംകുന്നം, മാന്തുരുത്തി പ്രദേശങ്ങളിൽ നിന്ന് കാണാതായ സൈക്കിളുകൾ സംബന്ധിച്ച വിവരമാണ്. മോഷ്ടിച്ച സൈക്കിളുകൾ വിൽപന നടത്തിയത് എവിടെയെന്നും മറ്റും പോലീസിന് കാട്ടിക്കൊടുത്തു.
നെടുംകുന്നത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സൈക്കിളുകളാണ് ഇവർ മോഷ്ടിച്ചത്. ഇവരുടെ വീട്ടിൽ നിന്നും ഒരു സൈക്കിളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഒരു മാസത്തോളമായി നെടുംകുന്നം, മാന്തുരുത്തി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ സൈക്കിളുകൾ മോഷണം പോകുന്നത് പതിവായിരുന്നു.
രണ്ടാഴ്ച മുന്പു നെടുംകുന്നത്തു നിന്നും അഞ്ച് സൈക്കിളുകളാണ് മോഷണം പോയത്. സൈക്കിൾ മോഷണത്തിന് പിന്നിൽ കുട്ടികളാകാം എന്ന ധാരണയിലായിരുന്നു നാട്ടുകാർ. പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുവരെയും വീട്ടുകാർക്കൊപ്പം വിട്ടയച്ചു.