കാട്ടാക്കട : ലോക പ്രണയ ദിനമായ ഇന്ന് പ്രണയ രഹസ്യത്തിന്റെ കഥയും പേറി കുറ്റിച്ചൽ ഗ്രാമം. കുറ്റിച്ചൽ പഞ്ചായത്തിലെ മൂന്ന് ക്ഷേത്രങ്ങളുടെ ചരിത്രത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പ്രണയ പൂർത്തീകരണത്തിനു വേണ്ടി ബലിയർപ്പിച്ചവരുടെ കഥകളാണ്.
അഗസ്ത്യവനത്തിലെ ആദിവാസികളായ കാണിക്കാരുടെ ദേശമായിരുന്നു ഒരു കാലത്ത് ഇവിടം. അവർക്ക് രാജ്യവും രാജാവും ഉണ്ടായിരുന്നു.
വയൽപ്പാടങ്ങളാൽ നിറഞ്ഞ ഇതു വഴിയാണ് പഴയ കാട്ടുപാത കടന്നുപോയിരുന്നത്. നെടുമങ്ങാട് ആസ്ഥാനമായ വേണാട് കൊട്ടാരത്തിൽ പോകുന്നതിനും പത്മനാഭസാമി ക്ഷേത്രം സന്ദർശിക്കുന്നതിനുമായി അയൽരാജ്യമായ പാണ്ഡ്യനാട്ടിൽ നിന്നും അവിടുത്തെ മന്ത്രിയായ പണ്ടാരതമ്പുരാനും സേനായകനായ മാടനും എത്തിയിരുന്നത് ഇൗ വഴിയായിരുന്നു.
രാത്രിയിൽ കാട്ടുരാജാവിന്റെ അനുമതിയോടെ ഇവിടെ പരിവാരസമേതം തമ്പടിച്ചു. കാട്ടുവിഭവങ്ങൾ നൽകി ആദരിച്ച കാട്ടുരാജാവിന് ധാരാളം പൊന്നും പണവും നൽകി.
തുടർന്ന് പണ്ടാരതമ്പുരാൻ കാട്ടുരാജാവിന്റെ മകൾ അരുവിയെ വിവാഹം ചെയ്ത് താമസം തുടങ്ങി. ഇതിനിടെ പാണ്ഡ്യ രാജാവ് യുദ്ധം പ്രഖ്യാപിച്ചു. കാട്ടുരാജ്യത്തിന് മേൽ പടകൾ എത്തി യുദ്ധം തുടങ്ങി.
കാണിക്കാർ അമ്പും വില്ലുമായി അവരെ എതിരിട്ടു. പണ്ടാരതമ്പുരാനും മാടനും ഒരുമിച്ച് പാണ്ഡ്യപടയെ തുരത്തി. അമർഷംപൂണ്ട പാണ്ഡ്യരാജാവ് വൻ സന്നാഹവുമായി പോരാടാൻ എത്തി.
പണ്ടാരതമ്പുരാനെ പിടികൂടിയ സൈന്യം തലവെട്ടിക്കൊന്നു. അടുത്തുനിന്ന മന്ത്രി മാടനെ വെട്ടികൊലപ്പെടുത്തി. പരാജയം ഏറ്റുവാങ്ങിയ കാട്ടുരാജാവും കൊല്ലപ്പെട്ടു.
വിവരമറിഞ്ഞ അരുവി തന്റെ ഭർത്താവും അച്ഛനും മരിച്ചതറിഞ്ഞ് തലമുടി അഴിച്ചതിനുശേഷം കൈയിലിരുന്ന വാക്കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചു.
തുടർന്ന് ഭരണം പാണ്ഡ്യരാജാവിനായി. കാലമേറെ കഴിഞ്ഞപ്പോൾ കാണിക്കാർക്ക് വെളിപാടുണ്ടായി. കുലമറ്റ് മരിച്ചവർക്കായി സ്ഥാനങ്ങൾ ഉണ്ടാക്കണമെന്നും അവർക്ക് പൂജ ചെയ്യണമെന്നും വെളിപാടിൽ പറഞ്ഞു.
പണ്ടാരതമ്പുരാന് ആര്യസംസ്ക്കാര രീതിയിലും മാടനും അരുവിയ്ക്കും ദ്രാവിഡസംസ്ക്കാരരീതിയിലും അമ്പലങ്ങൾ ഉയരുന്നത്. പണ്ടാരതമ്പുരാന് തമ്പുരാൻ ക്ഷേത്രവും അരുവിയ്ക്ക് അരുവി മുപ്പത്തി അമ്മ ക്ഷേത്രവും വന്നു.
സ്നേഹത്തിന്റെ മുന്നിൽ സേനാപദവി പോലും ഉപേക്ഷിച്ച മാടനാണ് പിന്നീട് മുണ്ടണിമാടനായി മാറിയത്.കോട്ടൂരിൽ മുണ്ടണിമാടൻക്ഷേത്രവും വന്നു. കാണിക്കാരാണ് അന്നും ഇന്നും പൂജകൾ ചെയ്യുന്നത്.
എല്ലാം പഴയ ദ്രാവിഡശൈലിയിൽ. കാണിക്കാരുടെ ചാറ്റ് പാട്ടും കൊടുതിയും നടക്കുന്ന ക്ഷ്രേതം മുൻപ് തുറസായ സ്ഥലത്തായിരുന്നു. പിന്നീടാണ് കെട്ടിടമൊക്കെ വന്നത്.
കാണിക്കാർ എത്തി ഭസ്മം പൂശി നിവേദ്യം നൽകും. അമ്പും വില്ലുമായി എത്തുന്ന കാണിക്കാർ കൊക്കര എന്ന ഉപകരണവുമായി എത്തിയാണ് ചാറ്റ് പാട്ട് നടത്തുന്നത്.
രാത്രിയിൽ തുടങ്ങുന്ന ചാറ്റ് പാട്ട് പുലർച്ചെയാണ് അവസാനിക്കുക. പ്രണയത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ജീവൻ തന്നെ ബലിയർപ്പണം നടത്തിയ അരുവി ഒരു രക്തസാക്ഷിയായി.