സ്വന്തം ലേഖകൻ
തൃശൂർ: പൂരങ്ങളുടെ പൂരത്തിൽ കുടമാറ്റത്തിനു സാക്ഷിയാവാറുള്ള വടക്കുന്നാഥന്റെ തെക്കേഗോപുരനടയിൽ ഇത്തവണ ചെണ്ടയുമായി നിരന്നതു മനസിൽ കളങ്കമില്ലാത്ത ഒരുകൂട്ടം കുട്ടികലാകാരൻമാർ. ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള അവർ ഒന്നിച്ചു ശിങ്കാരിമേളം അവതരിപ്പിച്ചപ്പോൾ പിറക്കാൻ പോകുന്നതു പുതിയ ഗിന്നസ് റിക്കാർഡും.
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വൈഭവ് ജനവികസന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികളെ ഒന്നിച്ചുചേർത്ത് മെഗാ ശിങ്കാരി മേളം സംഘടിപ്പിച്ചത്. ഗിന്നസ് റിക്കാർഡ് ലക്ഷ്യമാക്കിയായിരുന്നു പ്രകടനം. പല വർണങ്ങളിലുള്ള തിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് കുട്ടികലാകാരൻമാരും കലാകാരികളും മേളത്തിന് എത്തിയത്.
ചെണ്ടയും ചേങ്ങിലയുമായി കുട്ടികൾ അണനിരന്നപ്പോൾ നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർക്കുപകരം മുത്തുക്കുട ചൂടി ഇരുപത് അമ്മമാർ ചുറ്റും നിന്നു. കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകരും രക്ഷകർത്താക്കളും അടങ്ങിയ വോളന്റിയർ കൂട്ടവും ഉണ്ടായിരുന്നു. ആറുമണിക്ക് ആരംഭിച്ച ഗിന്നസ് ശിങ്കാരിമേളം അരമണിക്കൂറോളം നീണ്ടു. തേക്കിൻകാട് മൈതാനിയിൽ വൻ ജനക്കൂട്ടവും കുട്ടികളുടെ മേളം കാണാൻ തടിച്ചുകൂടി.
കുടുംബശ്രീ ബഡ്സ് സ്കൂളുകളിൽനിന്നും കോർപറേഷൻ പരിധിയിലുള്ള സ്കൂളുകളിൽനിന്നുമാണ് ശിങ്കാരിമേളത്തിൽ മിടുക്കരായ കുട്ടികളെ തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി താളബോധമുള്ള കുട്ടികളെ കണ്ടെത്തി അവർക്കു പരിശീലനം നല്കുകയായിരുന്നു ആദ്യപടി. ഒന്നര മാസത്തോളം നീണ്ട കൃത്യമായ പരിശീലനത്തിനു ശേഷമായിരുന്നു പ്രകടനം.
ചടങ്ങ് സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ ഡോ. ടി.എ. സുന്ദർമേനോൻ, സിനി ആർട്ടിസ്റ്റുമാരായ ജയരാജ് വാര്യർ, സുനിൽ സുഗത എന്നിവർ കുട്ടികൾക്കു ചെണ്ടയും ചേങ്ങിലയും നൽകി. ഗിന്നസ് ബുക്കിൽ ഹ്യൂമൻ വാല്യൂ എന്ന വിഭാഗത്തിലേക്കാണ് കുട്ടികളുടെ ശിങ്കാരിമേളം പരിഗണിക്കുക.
ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരായ കുട്ടികളെ അണിനിരത്തിയുള്ള മേളമാവാനുള്ള ഗിന്നസ് രജിസ്ട്രേഷൻ നടപടികൾ നേരത്തെ അധികൃതർ പൂർത്തിയാക്കിയിരുന്നു. ഇനി അവതരണത്തിന്റെ ദൃശ്യങ്ങളും രേഖകളും ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുക്കും. ഇതു വിലയിരുത്തിയാവും ഗിന്നസ് പ്രഖ്യാപനം ഉണ്ടാവുക. 160 കുട്ടികളാണ് പങ്കെടുത്തത്.
ജില്ലാ കളക്ടർ ടി.വി. അനുപമ, ജില്ലാ ജഡ്ജ് സോഫി തോമസ്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ എം.കെ.സി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ അനഘയുടെ മോഹനിയാട്ടവും ടി.വി. കിരണിന്റെ കച്ചേരിയും തുടർന്ന് അരങ്ങേറി.