കുട്ടിക്കാനം: മരിയന്‍ കോളജ് കുട്ടിക്കാനം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നു. മല്‍ഹാര്‍- 2018 എന്ന പേരിലാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടിക്കാനം ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 17 മുതൽ തുടങ്ങുന്ന ചലച്ചിതരമേള കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
21 ചിത്രങ്ങളാണ് നാല് ദിവസങ്ങളിലായി സ്ക്രീനിലെത്തുക. ലോകമെമ്പാടു നിന്നുമുള്ള മികച്ച ചിത്രങ്ങളെ പരിചയപ്പെടാനുള്ള അവസരംകൂടിയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും നടക്കും.
കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ജു, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ഹംസ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്, ഫിലം എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, സംവിധായകനും നിരൂപകനുമായ മധു എറവന്‍കര, കാലിക്കറ്റ് സർവകലാശാല ഇഎംഎംആർസി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.
കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മാനേജർ ഫാ. ജയിംസ് കോഴിമല, പ്രിൻസിപ്പൽ ഫാ.റോയ് പഴയപറമ്പിൽ, കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് ഡയറക്ടർ പ്രഫ. എം. വിജയകുമാർ, കോ ഓർഡിനേറ്റർ ആൻഡ് ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർസ് അർജുൻ പദ്മകുമാർ, ശ്രീദേവി നാരായണൻ, സ്റ്റുഡന്റ് കൺവീനർ ആൻസൺ തോമസ് എന്നിവർ നേതൃത്വം നൽകും.
മലയാള ചിത്രങ്ങളായ പേരറിയാത്തവര്‍, ഒറ്റാല്, ഹോളിവുഡില്‍ നിന്നുള്ള വാള്-ഇ, ദി നെതര്‍ലന്‍ഡ്സ്, ഗ്ലാസ്, വണ്‍ എഎം, വൈല്‍ഡ് സ്ട്രോബറീസ് എന്നിവയ്ക്ക് പുറമെ ഷോര്‍ട്ഫിലിമുകളും ഡോക്യുമെന്ററികളും പ്രദര്‍ശന വിഭാഗത്തിലുണ്ട്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. 600 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 300 രൂപകൂടി നല്കിയാല് താമസസൗകര്യവും ലഭ്യമാകും. വിവരങ്ങള്‍ക്ക് 9539258025, 9562779455 എന്നീ നന്പരുകളിൽ ബന്ധപ്പെടാം. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്ക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം.