മുക്കം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന കുട്ടിക്കടത്തുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചർച്ചയാവുന്നു. അന്നത്തെ സംഭവം കുട്ടിക്കടത്ത് അല്ലെന്ന് കഴിഞ്ഞ ദിവസം ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് വീണ്ടും ചർച്ചയാവുന്നത്.
2014 ഏപ്രിൽ 24 ന് വൈകുന്നേരം പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വേനലവധിക്ക് നാട്ടിൽ പോയി മടങ്ങുകയായിരുന്ന ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുക്കം മുസ്ലിം അനാഥശാലയിൽ പഠിക്കുന്ന വിദ്യാർഥികളെ കുട്ടിക്കടത്ത് ആരോപിച്ച് റെയിൽവേ പോലിസും ചൈൽഡ് ലൈനും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അനാഥശാലയിൽ പഠിക്കുന്ന 280 വിദ്യാർഥികളെ കൂടാതെ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 176 മറ്റു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളു ഒപ്പം ഉണ്ടായിരുന്നു.
ദരിദ്ര ചുറ്റുപാടുകളിൽ കഴിയുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകി അവർക്ക് പുതിയൊരു ജീവിതം നൽകുകയായിരുന്നു മുക്കം അനാഥശാല ചെയ്തിരുന്നതന്ന് അനാഥശാല സിഇഒ അബ്ദുല്ല കോയ ഹാജി പറയുന്നു.
എന്നാൽ ആരോ നൽകിയ പരാതിയെ തുടർന്ന് പരിശോധിച്ചപ്പോൾ കൂടെ വന്ന 176 വിദ്യാർഥികൾക്ക് ട്രെയിൻ ടിക്കറ്റ് ഉണ്ടായിരുന്നില്ല. അനാഥശാലയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ടിക്കറ്റുകൾ സ്ഥാപനം എടുത്തു നൽകിയിരുന്നു. ഇവരോടൊപ്പം കേരളത്തിലേക്ക് വന്ന മറ്റ് വിദ്യാർഥികളെ സംബന്ധിച്ച് സ്ഥാപനത്തിന് അറിവുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ അനാഥശാലയുമായി റെയിൽവേ പോലിസ് ബന്ധപ്പെടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഫൈൻ ഈടാക്കുകയും ചെയ്തു.
ഇതിനിടയിൽ കുട്ടിക്കടത്ത് എന്നപേരിൽ വാർത്ത പ്രചരിക്കുകയും പോലിസും സാമൂഹികനീതി ഉദ്യോഗസ്ഥരും ചൈൽഡ് ലൈനും സർക്കാറും യാഥാർഥ്യം അന്വേഷിക്കാതെ ചിലരുടെ പ്രത്യേക താത്പര്യപ്രകാരം കേസെടുക്കുകയും ചെയ്യുകയായിരുന്നു എന്നും അനാഥശാല ഭാരവാഹികൾ പറയുന്നു.
ഈ ഗൂഢാലോചനയാണ് ബിഹാർ സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പൊളിച്ചതന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് പത്ത് ദിവസത്തോളമാണ് വിദ്യാർഥികൾ പാലക്കാട്, കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെ കീഴിൽ കഴിഞ്ഞത്.
കേരളത്തിലെത്തിയ 456 വിദ്യാർഥികളിൽ 207 വിദ്യാർഥികളെ മാത്രമാണ് അധികൃതർ അനാഥശാലക്ക് കൈമാറിയത്. ബാക്കിയുള്ള വിദ്യാർഥികളെ കടുത്ത ദാരിദ്ര ചുറ്റുപാടുകളിലേക്ക് തന്നെ തിരിച്ചയച്ചു. അവർ ഇപ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാതെ ഇഷ്ടിക ചൂളകളിയും മറ്റും പണിയെടുത്ത് ജീവിക്കുകയാണെന്ന് അന്ന് അവരോടൊപ്പം ഉണ്ടായിരുന്ന ഇപ്പോൾ അനാഥശാലയിൽ പഠിക്കുന്ന വിദ്യാർഥികൾ പറയുന്നു.
ഈ സമയത്ത് ഓർഫനേജ് മാനേജ്മെന്റ് വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും എന്നാൽ നാട്ടിൽ നിന്നും വിദേശത്ത് നിന്നടക്കം ലഭിച്ച വലിയ പിന്തുണയാണ് പിടിച്ചു നിൽക്കാൻ സാധിച്ചതെന്നും റെഡ്ക്രസന്റ് ചെയർമാൻ മരക്കാർ പറഞ്ഞു.
കുട്ടിക്കടത്തെന്ന് മുദ്രകുത്തി തിരിച്ചയച്ച വിദ്യാർഥികളുടെ അവസ്ഥ എന്താണെന്ന് അവർ പിന്നീട് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ എന്ന് മുക്കം മുസ്ലിം ഓർഫനേജിൽ പഠിക്കുന്ന ബിഹാർ വിദ്യാർഥികളും ചോദിക്കുന്നു . കടുത്ത ദുരിതങ്ങളിൽ നിന്നും പുതിയ ജീവിതം സ്വപ്നം കണ്ട് കേരളത്തിലേക്ക് യാത്രതിരിച്ച ഒരുപറ്റം വിദ്യാർഥികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തന്നെ തിരിച്ചയച്ച സംഭവമായിരുന്നു ഇതെന്നും ഭാരവാഹികൾ പറയുന്നു.
2014ലെ സംഭവത്തിനു ശേഷം കേരളത്തിന് പുറത്തുനിന്ന് ഒരു വിദ്യാർഥിയെ പോലും സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടായിരുന്നില്ലെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നുവെന്നും അനാഥശാല അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മുക്കം അനാഥശാലയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഉത്തരേന്ത്യൻ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ മേളകളിൽ അടക്കം വൻ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ബിഹാറി വിദ്യാർഥികളായ മുഹമ്മദ് ഷഹാദത്ത് ആലം ഈ വർഷവും മുഹമ്മദ് ഇംതിയാസ് ആലം കഴിഞ്ഞ വർഷവും മലയാളം മീഡിയത്തിൽ പഠിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. സംഭവത്തിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്.