കുറ്റിക്കോൽ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിപിഎം നേതാവിനെതിരേ കേസെടുത്തു. സിപിഎം പള്ളത്തുങ്കാൽ ലോക്കൽ കമ്മിറ്റി അംഗവും ചെത്തുതൊഴിലാളി യൂണിയൻ അംഗവും സിഐടിയു ബേഡകം ഏരിയാ കമ്മിറ്റി അംഗവുമായ കെ.വി.രാമൻ പിള്ളക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 18നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാവിലെ ഒന്‍പതോടെ നേതാവിന്റെ വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതുസംബന്ധിച്ച് ഓണ്‍ലൈൻ ഗ്രൂപ്പുകളിൽ പ്രചരിച്ച വാർത്തയെ തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം നടത്തുകയും ബേഡകം പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമൻ പിള്ളയെ താത്കാലികമായി പാർട്ടിയിൽനിന്ന് സസ്പെന്‍ഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷനേയും നിയോഗിച്ചു.