ഉപ്പുതറ: കുട്ടിക്കാനത്തിന് സമീപം നിർത്തിയിട്ട കാറിന് മുകളിൽ മണ്ണും പാറയും വീണ് സ്ത്രീ മരിച്ചു. ഉപ്പുതറ വളകോട് ചാത്തനാട്ട് സോമിനി (67)യാണ് മരിച്ചത്.
കന്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും ഭാര്യ കട്ടപ്പന പോലീസ്സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ അനുഷ്കയും കുടുംബവുമായിരുന്നുകാറിലുണ്ടായിരുന്നത്.
വിനോദ യാത്ര കഴിഞ്ഞ് കട്ടപ്പനയ്ക്കുള്ള യാത്രയ്ക്കിടയിൽ വളഞ്ഞങ്ങാനത്ത് വാഹനം നിർത്തി വിശ്രമിക്കുന്നിടയിലാണ് അപകടം.
വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ ആറു പേരാണുണ്ടായിരുന്നത്. സോമിനി ഒഴികെയുള്ളവർ കാറിന് പുറത്തിറങ്ങിയിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
വലിയ പാറയോടൊപ്പമാണ് മണ്ണിടിഞ്ഞു വീണത്. വാഹനത്തിലുണ്ടായിരുന്ന സോമിനി തത്ക്ഷണം മരിച്ചു.ഇവർ ബിബിന്റെ വീട്ടിലെ ജോലിക്കാരിയാണ്.
അനുഷ്കയുടെ കഴുത്തിനാണ് പരിക്കേറ്റത്. കുട്ടികളെ നിസാര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോമിനിയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.